യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ

Tuesday 24 May 2022 10:26 PM IST

ദുബായ്: യുഎഇയിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ 29കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്രിയെന്നും വൈദ്യസഹായം നൽകിവരികയാണെന്നും ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആരും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിപ്പ് നൽകി. രോഗത്ത സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചിരിപ്പിക്കാതിരിക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പാലിക്കാനും ആരോഗ്യപ്രവർത്തകർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതു വരെ 240 കുരങ്ങുപനി കേസുകൾ ലോകമാകമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ കാണിക്കുന്നത്. പ്രധാനമായും ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഈ രോഗം കാണുന്നതെങ്കിലും ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്കും രോഗം പടരാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രോഗം ബാധിച്ച വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഏഴ് മുതൽ 14 ദിവസം വരെയാണ് കുരങ്ങുപ്പനിയുടെ നിരീക്ഷണകാലയളവ്.