മംഗളൂരു സ്റ്റേഷനിലെ പാഴ്സൽ ഭക്ഷണം കഴിച്ചു:..... കുട്ടികളടക്കം 11 ട്രെയിൻ യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ

Wednesday 25 May 2022 12:00 AM IST

തൃശൂർ: മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ പാഴ്‌സൽ ഭക്ഷണം കഴിച്ച യാത്രക്കാരായ ഒമ്പത് കുട്ടികളടക്കം 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മൂകാംബികയിൽ കുട്ടികളുടെ നൃത്താരങ്ങേറ്റം കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം അയിലം സ്വദേശികളായ ശ്രദ്ധ (13), അഭിനവ് (11), അവന്തിക (9), നിവേദ്യ (4), ദിയ (5), നീലാംബരി (9), അദ്വൈത് (15), ബ്രഹ്ദമദത്ത് (13), ദിയയുടെ അമ്മ ശ്രീക്കുട്ടി (29), നിരഞ്ജന (4), സുപ്രഭ (55) എന്നിവർക്കാണ് ഛർദ്ദിയും തലകറക്കവുമുണ്ടായത്.

അഞ്ചു പേർ തൃശൂരിലും രണ്ട് പേർ എറണാകുളത്തും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. മറ്റുള്ളവർക്ക് അസ്വസ്ഥതകളുണ്ടായെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. എല്ലാവരും ആശുപത്രി വിട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. മാവേലി എക്‌സപ്രസിലെ യാത്രയ്‌ക്കിടെ തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം, വെഞ്ഞാറമൂട് ശ്രീകൈലാസ് ഡാൻസ് അക്കാഡമിയിലെ കുട്ടികളും രക്ഷിതാക്കളുമടങ്ങിയ 74 അംഗ സംഘം വൈകിട്ട് നാലിനാണ് സ്റ്റേഷനിലെത്തിയത്.

പ്ളാറ്റ്‌ഫോമിലെ ഫുഡ്ട്രാക്ക് റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ വെജിറ്റബിൾ ബിരിയാണി, ദോശ, പൊറോട്ട, കടലക്കറി എന്നിവ രാത്രി ഏഴരയോടെയാണ് കഴിച്ചത്. തുടർന്ന് രാത്രി 12ന് ഷൊർണൂർ കഴിഞ്ഞപ്പോഴാണ് യാത്രക്കാർക്ക് ഛർദ്ദിയും തലകറക്കവുമുണ്ടായത്. വിവരം ഉടൻ ടി.ടി.ഇ തൃശൂർ റെയിൽവേ സ്റ്റേഷനിലറിയിച്ചു.

രാത്രി ഒന്നോടെ തൃശൂരിലെത്തിയപ്പോൾ റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. ഈസമയം ശ്രീക്കുട്ടി ബോധരഹിതയായി. ദിയ, അവന്തിക, നിവേദ്യ, നിരഞ്ജന എന്നിവരെയും തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിചരിക്കാൻ സംഘത്തിലെ മുതിർന്നവരും തൃശൂരിലിറങ്ങി. ബാക്കിയുള്ളവർ യാത്ര തുടർന്നെങ്കിലും എറണാകുളമെത്തിയപ്പോൾ ശ്രദ്ധ, നീലാംബരി എന്നിവർക്കും അസ്വസ്ഥതകളുണ്ടായി. ഇവരെ എറണാകുളത്തെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലുണ്ടായിരുന്നവർ ഇന്നലെ രാവിലെ അമൃത്സർ കൊച്ചുവേളി എക്‌സ്‌പ്രസിൽ യാത്ര തുടർന്നു. തിരുവനന്തപുരത്തെത്തിയപ്പോൾ റെയിൽവേ സംഘം ഇവരുടെ ആരോഗ്യവിവരം ശേഖരിച്ചു. അതേസമയം മംഗളുരൂവിലെ ഫുഡ്ട്രാക്ക് റസ്റ്റോറന്റ് പാലക്കാട് റെയിൽവേ ഡിവിഷൻ ഫുഡ് സേഫ്റ്റി ഓഫീസർ പരിശോധിച്ചു.