നവജാത ശിശുക്കൾക്കും ആരോഗ്യ ഐ.ഡി കാർഡ്

Wednesday 25 May 2022 12:49 AM IST

ന്യൂഡൽഹി: കുട്ടികളുടെ ജനനം മുതലുള്ള ആരോഗ്യ രേഖകൾ നിരീക്ഷിക്കാൻ കഴിയുന്ന ആരോഗ്യ ഐ. ഡി കേന്ദ്രം നടപ്പാക്കുന്നു. ആയുഷ്മാൻ ആരോഗ്യ അക്കൗണ്ട് പദ്ധതിയിൽ നവജാത ശിശുക്കൾക്കും 18 വയസിന് താഴെയുള്ളവർക്കും ആരോഗ്യ ഐ.ഡി കാർഡ് നൽകും. ഒരു കുട്ടി ജനിക്കുന്നത് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ, ആരോഗ്യ പരിരക്ഷാ പദ്ധതികൾ, ഇൻഷ്വറൻസ് പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ അപ് ലോഡ് ചെയ്യാം. കുട്ടിയുടെ അക്കൗണ്ടിലെ രേഖകൾ പരിശോധിച്ച് കൃത്യമായ ചികിത്സ നൽകാൻ ഡോക്ടർക്ക് സാധിക്കും. കുട്ടിയുടെ ആരോഗ്യ അക്കൗണ്ട് മാതാപിതാക്കളുടെ ആരോഗ്യ ഐ. ഡി നമ്പറുമായി ലിങ്ക് ചെയ്യാം. കുട്ടിക്ക് 18 വയസായാലേ അക്കൗണ്ട് സ്വന്തമായി ഉപയോഗിക്കാനാവൂ. ആധാർ ഇല്ലാത്തവർക്കും നവജാത കുട്ടികൾക്കും ആരോഗ്യ ഐ. ഡി ലഭിക്കും. നവജാത ശിശുക്കൾകൾക്ക് മാതാപിതാക്കളുടെ എ.ബി.എച്ച്.എ അക്കൗണ്ടുകൾ വഴി ആരോഗ്യ ഐ. ഡി കാർഡ് ഉണ്ടാക്കാം. പിന്നീട് കുട്ടിയുടെ ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവ കുട്ടിയുടെ ആരോഗ്യ അക്കൗണ്ടിൽ അപ് ലോഡ് ചെയ്യാം. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ വെബ് സൈറ്റ്, എ.ബി.ഡി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന ആശുപത്രികൾ, ആരോഗ്യ സേതു ആപ്പ്, ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ആരോഗ്യ പദ്ധതികൾ, പേടിഎം എന്നിവയിലൂടെ മാതാപിതാക്കൾക്ക് കുട്ടിയുടെ ആരോഗ്യ അക്കൗണ്ട് ഉണ്ടാക്കാം. നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമെ എ.ബി.എച്ച്.എ കാർഡ് ലഭിക്കുകയുള്ളു.

Advertisement
Advertisement