വീണ്ടും മോഹൻരാജ് മാജിക്

Wednesday 25 May 2022 2:29 AM IST

കൊല്ലം: മലയാളികളുടെ പ്രാർത്ഥന പോലെ വിസ്മയ കേസിൽ കിരൺകുമാറിന് ശിക്ഷ ഉറപ്പാക്കി വീണ്ടും മാജിക് സൃഷ്ടിച്ചിരിക്കുകയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ്. കിരണിനെതിരെ തെളിവുകളില്ലെന്ന പ്രതിഭാഗത്തിന്റെ വിശ്വാസം മോഹൻരാജിന്റെ ബുദ്ധികൂർമ്മതയ്ക്ക് മുന്നിൽ കോടതിമുറിയിൽ പൊളിഞ്ഞടുങ്ങുകയായിരുന്നു.

കൈയിലുള്ള തെളിവുകൾ പലതും ആദ്യഘട്ടത്തിൽ കോടതി മുന്നിൽ അവതരിപ്പിച്ചില്ല. പ്രോസിക്യൂഷൻ കേസ് രേഖകൾ കൃത്യമായി പഠിച്ച് കാണില്ലെന്ന ധാരണയിൽ പ്രതിഭാഗം കോടതിയിൽ നുണകൾ നിരത്തി. ഈ നുണകളെയെല്ലാം മോഹൻരാജ് പിന്നീട് തെളിവുകൾ ഒന്നൊന്നായി നിരത്തി പൊളിക്കുകയായിരുന്നു. ഇത് പ്രതിഭാഗം പറയുന്നതെല്ലാം നുണകളാണെന്ന ധാരണയും കോടതിയിൽ സൃഷ്ടിച്ചു. കേസ് ജയിക്കാൻ ആവശ്യമായ തെളിവുകൾ സമാഹരിക്കുന്നതിലും മോഹൻരാജിന്റെ ഇടപെടൽ അന്വേഷണ സംഘത്തിന് സഹായകരമായിരുന്നു.

ഉത്രക്കൊലക്കേസിലും സൂരജിന് ശിക്ഷ ഉറപ്പാക്കിയത് ഏറ്റെടുക്കുന്ന ജോലിയോട് അഡ്വ. ജി. മോഹൻരാജ് പുലർത്തുന്ന ആത്മാർത്ഥതയാണ്.

പ്രോസിക്യൂട്ടറായി പൊൻതിളക്കം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസ്, കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവം, ഹരിപ്പാട് ജലജ വധക്കേസ്, സുചിത്ര കൊലക്കേസ് എന്നിവയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് മോഹൻരാജ്. പാരിപ്പള്ളിയിൽ ആട് ആന്റണി പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം, ഏഴ് വയസുകാരി ശ്രീരശ്മിയുടെ കൊലപാതകം, ഇറ്റാലിയൻ കടൽക്കൊല, കോട്ടയം എസ്.എം.ഇ കോളേജ് റാഗിംഗ് തുടങ്ങി പല കേസുകളുടെയും പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജി. മോഹൻരാജ് കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ അസി. സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.

Advertisement
Advertisement