അരമണിക്കൂറിൽ വിധി

Wednesday 25 May 2022 2:27 AM IST

രാവിലെ 11മണി: കോടതി നടപടികൾ ആരംഭിച്ചു. ഒന്നാമതായി വിസ്മയ കേസ് പരിഗണിച്ചു.

കോടതി കിരണിനോട്: ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

കിരൺകുമാർ: പ്രായമേറിയ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയം. പ്രായാധിക്യം കൊണ്ടുള്ള പ്രശ്നങ്ങൾ കാരണം പിതാവിന് അരുതാത്ത് എന്തെങ്കിലും സംഭവിക്കാൻ ഇടയുണ്ട്. മാതാവിന് അമിത രക്തസമ്മർദ്ദവും പ്രമേഹവുമുണ്ട്. അതുകൊണ്ട് കനിവ് കാട്ടണം.

കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടറോട്: എന്താണ് പറയാനുള്ളത്?

സ്പെഷ്യൽ പ്രോസിക്യൂട്ടർ: വിധി ഒരു വ്യക്തിക്കെതിരെ ഉള്ളതാകുമെന്ന് കരുതുന്നില്ല. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ളതാകണം. മാതൃകാ വിധിയാകണം. ചെറിയ ശിക്ഷ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതി സർക്കാർ ഉദ്യോഗസ്ഥനും വിദ്യാസമ്പന്നനും ആണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു. കിരൺ ശാരീരികമായി പീഡിപ്പിക്കുക മാത്രമായിരുന്നില്ല. വിസ്മയയുടെ മനസിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു.

കോടതി പ്രതിഭാഗം അഭിഭാഷകനോട്: ശിക്ഷയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രതിഭാഗം അഭിഭാഷകൻ: തന്റെ വാദങ്ങൾ നിരാകരിച്ച സാഹചര്യം അറിയില്ല. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഈ കേസിൽ അതിന്റെ ആവശ്യമില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ വിചാരണ കോടതി ജീവപര്യന്തം വിധിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി പത്ത് വർഷമായി ശിക്ഷ ചുരുക്കിയിട്ടുണ്ട്.

ശിക്ഷ: ചേംബറിലേക്ക് മടങ്ങിയ ജഡ്ജി അര മണിക്കൂറിന് ശേഷം മടങ്ങിയെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചു.

Advertisement
Advertisement