പരിചയമില്ലാത്ത ഡ്രൈവർമാർ ഇപ്പോൾ മുണ്ടക്കയത്തേക്ക് പോകണ്ട, സംഗതി പ്രശ്നമാണ്

Wednesday 25 May 2022 11:56 AM IST

മുണ്ടക്കയം. സൂര്യൻ കാണാമറയത്തായതോടെ മലമുകളിലും ചെരുവുകളിലും ഒതുങ്ങി നിന്ന മൂടൽമഞ്ഞ് ഹൈറേഞ്ചിലെ ജനവാസ മേഖലകളെയും പാതകളെയും മൂടി. ശക്തമായി പെയ്യുന്ന മഴയ്ക്കുള്ള ഇടവേളയിലെത്തുന്ന മൂടൽമഞ്ഞ് ഡ്രൈവരുമാരുടെ കാഴ്ച മറയ്ക്കുന്ന അവസ്ഥയിലാണ്. ദേശീയ പാതയിൽ ഹൈറേഞ്ച് പാതയുടെ തുടക്കമായ മരുതുംമൂട് മുതൽ കുട്ടിക്കാനം വരെ യാത്രയിൽ മൂടൽ മഞ്ഞ് വാഹന യാത്രക്കാരെ ഏറെ അപകട ഭീഷണിലാക്കുന്നു. മഴയില്ലാത്ത സമയങ്ങളിൽ സാധാരന പുലർച്ചയാണ് കൂടുതലായി പാതയിലേയ്ക്ക് മഞ്ഞ് ഇറങ്ങുന്നത്. പുലർച്ചെ ഇറങ്ങുന്ന മഞ്ഞ് സൂര്യപ്രകാശം കണ്ട് തുടങ്ങുമ്പോൾ മാഞ്ഞുതുടങ്ങും. എന്നാൽ കുറെ ദിവസങ്ങളായി കടുത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദേശീയപാതയിൽ റോഡ് പരിചയമില്ലാത്ത അന്യസംസ്ഥാന യാത്രക്കാർക്ക് ഉൾപ്പെടെ മൂടൽമഞ്ഞ് ഡ്രൈവിംഗിന് ഭീഷണി സൃഷ്ടിക്കുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകളിൽ നിന്ന് വെളിച്ചം മഞ്ഞിൽ തട്ടി റിഫ്ളക്ട് ചെയ്യുന്നതോടെ ഇരട്ടി ദുരിതമാകും.

വളവുകളിലെ റിഫ്ളക്ടറുകളുടെ അഭാവും ഡ്രൈവിംഗിനെ ബാധിക്കാറുണ്ട്. കൊടുംവളവുകളിൽ പോലും റിഫ്ളക്ടുകൾ ഇല്ല. ഒട്ടുമിക്ക ഡ്രൈവർമാരും ഡിവൈഡർ ലൈനുകളെ ആശ്രയിച്ചാണ് ഡൈവിംഗ് നടത്തുന്നത്. കനത്ത മൂടൽമഞ്ഞ് ഡ്രൈവർമാർക്ക് ദുരിതമെങ്കിലും ഇത് ആസ്വദിക്കാൻ നിരവധി പേരാണ് മേഖലയിലേയ്ക്ക് എത്തുന്നത്. ദൂര കാഴ്ചകൾ മറയ്ക്കുമെങ്കിലും മൂടൽ മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന ഹൈറേഞ്ച് മനസിനും കണ്ണിനും കുളിർമ്മയാണ്.