ആ പ്രസ്താവനകളെല്ലാം അതിജീവിതയെ അപമാനിക്കുന്നത്; എൽഡിഎഫ് നേതാക്കൾക്കെതിരെ വനിതാകമ്മീഷനിൽ പരാതി നൽകി ജെബി മേത്തർ

Wednesday 25 May 2022 3:57 PM IST

കൊച്ചി: അതിജീവിതയെ അപമാനിച്ച എൽഡിഎഫ് നേതാക്കൾക്കെതിരെ വനിതാകമ്മിഷനിൽ പരാതി നൽകി ജെബി മേത്തർ എംപി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, ഗതാഗതമന്ത്രി ആന്റണി രാജു,​ മുൻ മന്ത്രി എം എം മണി എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് എൽഡിഎഫ് നേതാക്കൾ നടത്തിയത്. പൊലീസിന്റെ പിടിപ്പുകേട് കൊണ്ട് നീതിക്ക് വേണ്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന അതിജീവിതയുടെ പ്രവര്‍ത്തിയെ അധിക്ഷേപിക്കാനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് ഗുരുതര ആരോപണവുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയത്. ഇ പി ജയരാജനാണ് ആദ്യം നടിക്കെതിരെ രംഗത്തെത്തിയത്.

അതേസമയം, ജെബി മേത്തര്‍ വൈസ് പ്രസിഡന്റായിരിക്കെ ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിഥിയായി കേസിലെ പ്രതിയായ ദിലീപിനെ ക്ഷണിക്കുകയും നഗരസഭയുടെ ഓദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.