സൂപ്പർ സഞ്ജു, ഇതാണ് സെലക്‌ടർമാർക്കുള്ള തിരിച്ചടി; ടീമിലെടുക്കാതെ തഴഞ്ഞതിന് പിന്നാലെയുള്ള രാജസ്ഥാൻ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം

Wednesday 25 May 2022 4:15 PM IST

കൊൽക്കത്ത: കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിലെ സഞ്ജുവിന്റെ മിന്നും പ്രകടനത്തെ പ്രശംസിച്ച് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും പുറത്താക്കിയ സെലക്‌ടർമാർക്കുള്ള തിരിച്ചടിയാണ് താരത്തിന്റെ പ്രകടനമെന്നാണ് ആരാധകർ പറയുന്നത്.

ഗുജറാത്തിനെതിരായ മത്സരത്തിൽ രാജസ്ഥാൻ തോറ്റുവെങ്കിലും മഴ പെയ്‌ത് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ മികച്ച ഇന്നിംഗ്‌സാണ് സഞ്ജു പുറത്തെടുത്തത്. നേരിട്ട ആദ്യ പന്തിൽത്തന്നെ സഞ്ജു സിക്‌സർ പറത്തി. 26 പന്തിൽ നിന്നും അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 47 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റൻ നേടിയത്.

'ഏകദിന ക്രിക്കറ്റിലെ സമവാക്യങ്ങളല്ല ട്വന്റി20യിലെ അളവുകോൽ. നിങ്ങളുടെ ഇന്നിംഗ്‌സ് ഉണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനം. സഞ്ജു പുറത്തെടുത്തത് ഉജ്വല ഇന്നിംഗ്‌സ്' - ക്രിക്കറ്റ് വിദഗ്‌ദ്ധനും കമന്റേറ്ററുമായ ഹർഷ ഭോഗ്‌ലെ ട്വിറ്ററിൽ കുറിച്ചു.