ഫയർഫോഴ്സിനെയാണോ... വിളിക്കേണ്ട; 101 ചത്തു

Thursday 26 May 2022 11:52 PM IST

കൊച്ചി: മഴ തിമിർത്തു പെയ്യുന്ന കാലമാണല്ലോ... മരങ്ങൾ ഒടിഞ്ഞുവീഴലും വെള്ളപ്പൊക്കവും മറ്റ് അത്യാഹിതങ്ങളുമുണ്ടായാൽ എല്ലാവരും വിളിക്കുന്നത് 101ലേക്കാണ്. എന്നാൽ ഇനി ആ നമ്പരിലേക്ക് വിളിച്ച് സമയം കളയേണ്ടതില്ല. കാര്യമെന്താണെന്നല്ലേ...101ൽ വിളിച്ചാൽ കിട്ടിയാൽ കിട്ടി എന്നു പറഞ്ഞാൽ മതി. അതും ചിലപ്പോൾ ബി.എസ്.എൻ.എൽ മൊബൈലിൽ നിന്നുമാത്രം. തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ കിട്ടിയാൽ മഹാഭാഗ്യം! മറ്റേതെങ്കിലും സേവനദാതാക്കളിൽ നിന്നു വിളിച്ചാൽ 101 എന്ന നമ്പർ നിശബ്ദമാണ്.

ഈ പ്രശ്നം തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. വല്ലപ്പോഴും ബി.എസ്.എൻ.എൽ കണക്ട് ആയാലും തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലോ ജില്ലാ ആസ്ഥാനത്തോ ആകും കാൾ എത്തുക.

വിളിക്കുന്ന ആളുടെ ലൊക്കേഷന് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് എമർജൻസി കാളുകൾ തിരിച്ചുവിടേണ്ടത് സർവീസ്ദാതാക്കളാണ്. അതും ഇപ്പോൾ നടക്കുന്നില്ല. എമർജൻസി റെസ്പോൺസ് സ‌പ്പോർട്ട് സിസ്റ്റം നമ്പറായ 112ൽ വിളിച്ചാണ് പലരും ഫയർഫോഴ്സുമായി ബന്ധപ്പെടുന്നത്.

പല ഫയർഫോഴ്സ് സ്റ്റേഷനുകളും അവരുടെ ലാൻഡ്ഫോൺ നമ്പർ സ്റ്റിക്കറുകളിലാക്കി കടകളിലും മറ്റും പതിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവരും അടുത്തുള്ള ഫയർസ്റ്റേഷൻ നമ്പർ ഫോണിൽ സേവ് ചെയ്ത് വയ്ക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

സേവനദാതാക്കളുമായി ബന്ധപ്പെട്ട് പ്രശ്നം ഉടൻ പരിഹരിക്കും.

ഡോ. ബി. സന്ധ്യ

ഡയറക്ടർ-ജനറൽ

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

Advertisement
Advertisement