പട്ടയഭൂമിയിൽ റിസോർട്ടും ക്വാറിയും തടഞ്ഞ് ഹൈക്കോടതി , വ്യവസ്ഥ ലംഘിച്ചാൽ സർക്കാരിന് തിരിച്ചെടുക്കാം

Thursday 26 May 2022 12:00 AM IST

കൊച്ചി: കൃഷിക്കും പാർപ്പിടത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി സർക്കാർ പട്ടയം നൽകിയ ഭൂമിയിൽ റിസോർട്ടുകളടക്കം നിർമ്മിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഇത്തരം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. പട്ടയവ്യവസ്ഥ ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. പതിച്ചു നൽകിയ ഭൂമിയിൽ റിസോർട്ടുകൾ, ക്വാറികൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ കണ്ടെത്തിയതിനാൽ തിരിച്ചെടുക്കാൻ സർക്കാർ നടപടി സ്വീകരിച്ചതിനെതിരെ മൂന്നാറിലെ മഹീന്ദ്ര ഹോളിഡേസ് ആൻഡ് റിസോർട്ട് ഉൾപ്പെടെ ഭൂവുടമകൾ നൽകിയ അപ്പീലുകൾ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. ഭൂമി തിരിച്ചെടുക്കുന്നത് സിംഗിൾ ബെഞ്ച് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ അപ്പീലുകൾ അനുവദിച്ചു.

ക്വാറികളടക്കമുള്ളവയുടെ പ്രവർത്തനം തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകിയത് മുൻകൂർ നോട്ടീസ് നൽകി വാദം കേൾക്കാതെയാണെന്നും ഭൂമി തിരിച്ചെടുക്കാൻ തഹസിൽദാർക്ക് അധികാരമില്ലെന്നും ഭൂവുടമകൾ വാദിച്ചു. എന്നാൽ കേരള ഭൂമി പതിച്ചു നൽകൽ ചട്ടത്തിൽ മുൻകൂർ നോട്ടീസ് നൽകാൻ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടയം റദ്ദാക്കുന്നതിനു മുമ്പ് കൈവശക്കാരുടെ വാദം കേൾക്കണമെന്നേ പറയുന്നുള്ളൂ. നടപടികൾ ആ ഘട്ടത്തിൽ എത്തിയിട്ടില്ല.

നടപടികൾ നിയമപരം

ഭൂമി പതിച്ചു നൽകാനുള്ള അധികാരം തഹസിൽദാർക്ക് ഉള്ളതുപോലെ വ്യവസ്ഥ ലംഘിച്ചാൽ പട്ടയം റദ്ദാക്കി തിരിച്ചെടുക്കാനുള്ള അധികാരവുമുണ്ടെന്ന് കോടതി. പട്ടയ ഭൂമിയിലെ ക്വാറി പ്രവർത്തനമടക്കം തടയാൻ തഹസിൽദാറും കളക്ടറും സ്വീകരിച്ച നടപടികൾ നിയമപരമാണ്. ക്വാറിയുടമകൾക്ക് ഉൾപ്പെടെ ഒരുമാസത്തിനകം തങ്ങളുടെ എതിർപ്പ് അധികൃതരെ അറിയിക്കാം. ചട്ടങ്ങളിൽ സർക്കാർ ഇളവു വരുത്തിയാൽ ഭൂമി പതിച്ചു കിട്ടാൻ ഇവർക്ക് അപേക്ഷ നൽകാം. അതിന് ഈ വിധിയിലെ നിരീക്ഷണങ്ങൾ തടസമല്ല.

Advertisement
Advertisement