കു​രു​ന്നു​ക​ൾ​ക്കിനി​ ​ആ​ഴ്ച​യിൽ ര​ണ്ട് ​ദി​വ​സം ​പാലും മുട്ടയും

Thursday 26 May 2022 12:56 AM IST

പാലക്കാട്: അങ്കണവാടി കുരുന്നുകൾക്ക് ഇനി ആഴ്ചയിൽ രണ്ട് ദിവസവും പാൽ ലഭിക്കും. ഇതുവരെ ആഴ്ചയിൽ ഒരുദിവസം 180 മില്ലീ ലിറ്റർ വീതമാണ് മിൽമയുടെ പാൽ നൽകിയിരുന്നത്. ഇനി തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് പാൽ ലഭിക്കുക. ഒരു കുട്ടിക്ക് 125 മില്ലി ലിറ്റർ പാലാണ് നൽകുക. ഇവയ്ക്ക് ആവശ്യമായ പാൽ മിൽമയിൽ നിന്നും വാങ്ങി നൽകുമെന്ന് വനിതാ ശിശുവികസന വകുപ്പ് അധികൃതർ പറഞ്ഞു. മിൽമ പാൽ ലഭ്യമല്ലെങ്കിൽ അംഗീകൃത ക്ഷീരസൊസൈറ്റികളിൽ നിന്ന് വാങ്ങിക്കണം. ഈ രണ്ടിടങ്ങളിലും പാൽ ഇല്ലെങ്കിൽ ക്ഷീരകർഷകരിൽ നിന്ന് നേരിട്ടും പാൽ വാങ്ങാം. എന്നാൽ ഇവയൊന്നും ഇല്ലാത്ത മലയോര ഗ്രാമപ്രദേശങ്ങളിൽ മിൽമയുടെയും യു.എച്ച്.ടി പാൽ വിതരണം ചെയ്യും. കുട്ടികളുടെ ആരോഗ്യസുരക്ഷയുടെ ഭാഗമായാണിത്. ഒരു ദിവസം ഹാജരാകാത്ത കുട്ടിക്കുള്ള പാൽ അടുത്ത ദിവസം തൈരായോ, പുളിശ്ശേരിയായോ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.

പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം പാൽ കൂടാതെ മുട്ടയും നൽകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് മുട്ട വിതരണം ചെയ്യുക. പ്രഭാത ഭക്ഷണത്തിനൊപ്പമാണ് രണ്ട് കോഴിമുട്ട നൽകുക. പഞ്ചായത്തുതലത്തിൽ നിലവിൽ വിതരണം ചെയ്യുന്നിടങ്ങളിൽ ആ ദിവസം ഒഴികെ ഇവ നൽകും. നിശ്ചിത വലുപ്പത്തിലുള്ള കോഴിമുട്ടകളാണ് നൽകുക. കൂടാതെ മുട്ടയ്ക്ക് പത്ത് ദിവസത്തിൽ കൂടുതൽ പഴക്കം പാടില്ല. കോഴിമുട്ട വീട്ടിലേക്ക് കൊടുത്തുവിടില്ല. നിലവിൽ നിശ്ചയിച്ച ദിവസങ്ങൾ അവധിയായാൽ ബുധൻ, ശനി ദിവസങ്ങളിൽ ഇവ നൽകണം. അന്നും അവധി വന്നാൽ മറ്റു ദിവസങ്ങളിൽ നൽകുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ 2,835 അങ്കണവാടികളാണുള്ളത്. മൂന്നു മുതൽ ആറു വയസുവരെയുള്ള 40,000ത്തിലധികം കുട്ടികളാണ് പഠിക്കുന്നത്.

പോഷകാഹാരങ്ങൾ

നിലവിൽ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പാലിനു പുറമെ അമൃതംപൊടി, ന്യൂട്രിബാർ മിഠായി എന്നിവയാണ് വിതരണം ചെയ്യുന്നത്. മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കാണ് തേനമൃത് പദ്ധതിയുടെ ഭാഗമായി ന്യൂട്രിബാർ മിഠായി വിതരണം ചെയ്യുന്നത്. ഈ മിഠായി കഴിക്കുന്നതുവഴി പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സാധിക്കും. അരി, ഗോതമ്പ്, ചോളം, റാഗി, നിലക്കടല, സോയാബീൻ, എള്ള്, പനം ശർക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയാണ് മിഠായിയിൽ അടങ്ങിയിരിക്കുന്നത്. പത്തുഗ്രാമിന്റെ രണ്ട് മിഠായിയാണ് ഒരോ കുട്ടികൾക്കും എല്ലാ മാസവും വിതരണം ചെയ്യുന്നത്. ഇവകൂടാതെ ചെറുപയർ, ഗോതമ്പ് എന്നിവയും നൽകുന്നുണ്ട്.

കുട്ടികൾക്ക് നൽകുന്ന ആഹാരസാധനങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് പ്രഭാത ഭക്ഷത്തിനൊപ്പം പാൽ, മുട്ട എന്നിവ കൊടുക്കുന്നത്.

ഐ.സി.ഡി.എസ് ഓഫീസ്, പാലക്കാട്.

Advertisement
Advertisement