പുതിയ കാൻസർ പ്രതിരോധ സസ്യം ഓഫിയോറൈസ ശശിധരാനിയാന, കണ്ടെത്തിയത് പശ്ചിമഘട്ടത്തിൽ

Thursday 26 May 2022 12:00 AM IST
ഓഫിയോറൈസ ശശിധരാനിയാന

തിരുവനന്തപുരം: കാൻസർപ്രതിരോധശേഷിയുള്ള ഓഫിയോറൈസ ജനുസ്സിൽപെട്ട സസ്യം കണ്ടെത്തി. പശ്ചിമഘട്ടത്തിലുള്ള സസ്യ ഇനത്തിന് ഓഫിയോറൈസ ശശിധരാനിയാന എന്ന് പേരിട്ടു. തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിലെ ബോട്ടണി വിഭാഗം മേധാവിയായിരുന്നു പ്രൊഫ. ശശിധരന്റെ ഇൗ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പേര് നൽകിയത്. കാൻസർ പ്രതിരോധിക്കാനുള്ള ഇൻഡോൾ ആൽക്കലോയിഡ് ക്യാമ്പ് ടോതെസിന്റെ സാന്നിദ്ധ്യമാണ് സസ്യത്തെ ശ്രദ്ധേയമാക്കുന്നത്.

ഫിന്നിഷ് അന്താരാഷ്ട്ര ശാസ്ത്ര ജേർണൽ 'അന്നലെസ് ബൊട്ടാനിസി ഫെന്നിസി"യിലാണ് തൃശ്ശൂർ അടിച്ചിൽത്തൊട്ടി കോളനിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള വഴിയിൽ കണ്ടെത്തിയ സസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. കേരളസർവകലാശാല ബോട്ടണി വിഭാഗത്തിലെ ഗവേഷകൻ അഖിലേഷ് എസ്.വി. നായർ, പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്സി​റ്റി കൺസർവേഷൻ ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്​റ്റ് ഡോ. രമേശ്കുമാർ കെ.ബി, സീനിയർ ടെക്നിക്കൽ ഓഫീസറായ ഡോ. ഇ. എസ് സന്തോഷ്‌കുമാർ എന്നിവർ ചേർന്നാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.

റുബിയേസിയെ സസ്യകുടുംബത്തിൽ ഓഫിയോറൈസ ജനുസ്സിൽ 380ലേറെ സ്പീഷീസുകളുണ്ട്. തെക്കു കിഴക്കൻ ഏഷ്യയിലെ ആർദ്റ ഉഷ്ണമേഖലാവനങ്ങളിലും ഉപഉഷ്ണമേഖലാവനങ്ങളിലുമാണ് ഇവ പ്രധാനമായി കാണപ്പെടുന്നത്. ഇന്ത്യയിൽ 52 സ്പീഷിസുകളുണ്ട്. അൾസർ, ഹെൽമിൻത്തിയാസിസ്, പാമ്പ് വിഷം, മുറിവുകൾ, ഗ്യാസ്‌ട്രോപ്പതി, കുഷ്ഠം, ഹൈഡ്രോഫോബിയ എന്നിവയ്ക്കുള്ള ചികിത്സയ്ക്കും ഓഫിയോറൈസ സസ്യങ്ങൾ ഉപയോഗിക്കുന്നു.

Advertisement
Advertisement