കാശ്‌മീരിലെ ഭീകരപ്രവർത്തനം, യാസിൻ മാലിക്കിന് ജീവപര്യന്തം

Thursday 26 May 2022 12:00 AM IST

രണ്ട് കേസുകളിൽ ജീവപര്യന്തവും പത്ത് ലക്ഷം പിഴയും

ന്യൂഡൽഹി: ജമ്മു കാശ്‌മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പ്രത്യേക എൻ.ഐ.എ കോടതി ജീവപര്യന്തവും പത്തുലക്ഷം രൂപ പിഴയും വിധിച്ചു.

കാശ്‌മീരിലെ ഭീകരപ്രവർത്തനത്തിന് ഹവാല ഇടപാടിലൂടെ സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ യു. എ. പി. എ ( സെക്‌ഷൻ 17) പ്രകാരവും ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്‌തെന്ന കേസിൽ ഐ.പി.സി (121) പ്രകാരവുമാണ് ജീവപര്യന്തം. മറ്റ് കുറ്റങ്ങൾക്ക് വെവ്വേറെ ജയിൽ ശിക്ഷയും വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഈയിടെ സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹ നിയമം ( ഐ. പി. സി 124 എ) അനുസരിച്ചുള്ള കുറ്റവും ഉണ്ടെങ്കിലും അതിന്റെ ശിക്ഷ എടുത്തു പറഞ്ഞിട്ടില്ല. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

ഭീകരവിരുദ്ധ നിയമമായ യു. എ. പി. എയിലെ ഉൾപ്പെടെയുള്ള കുറ്റങ്ങൾ കോടതിയിൽ

സമ്മതിച്ച യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻ. ഐ. എ ആവശ്യപ്പെട്ടു. എന്നാൽ മാലിക്കിനെ സഹായിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജീവപര്യന്തമേ നൽകാവൂ എന്ന് ആവശ്യപ്പെട്ടു.

ഡൽഹി പട്യാല ഹൗസ് പ്രത്യേക കോടതി ജഡ്ജി പ്രവീൺ സിംഗ് ആണ് ശിക്ഷ വിധിച്ചത്. 1990 മുതൽ കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദി മാലിക്കാണെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടിയിരുന്നു. വിഘടനവാദി ഗ്രൂപ്പായ ജമ്മു കാശ്‌മീർ ലിബറേഷൻ ഫ്രണ്ട് നേതാവാണ് യാസിൻ മാലിക്ക്.

യു. എ. പി. എ കുറ്റങ്ങൾ

13 -നിയമ വിരുദ്ധ പ്രവർത്തനം ( 5 വർഷം തടവ് )

16- ഭീകരപ്രവർത്തനം ( 10 വർഷം തടവ്)

17 - ഭീകരപ്രവർത്തനത്തിന് ധനസഹായം, ( ജീവപര്യന്തം. 10ലക്ഷം പിഴ )

18 - ഭീകരപ്രവർത്തനത്തിന് ഗൂഢാലോചന ( 10 വർഷം തടവും 10000 രൂപ പിഴയും )

20 -ഭീകരഗ്രൂപ്പിൽ അംഗമാവുക ( 10 വർഷം തടവും .10000 രൂപ പിഴയും )

ഐ. പി. സി കുറ്റങ്ങൾ

120 ബി- ക്രിമിനൽ ഗൂഢാലോചന ( 10 വർഷം തടവും 10000 രൂപ പിഴയും )

121-രാജ്യത്തിനെതിരെ യുദ്ധം ( ജീവപര്യന്തവും 10000 രൂപ പിഴയും )

124 എ- രാജ്യദ്രോഹം

121 എ- കുറ്റങ്ങൾ ചെയ്യാൻ ഗൂഢാലോചന (10 വർഷം തടവും പിഴയും)