ലാസ്റ്റ് 'സോംഗ'

Wednesday 25 May 2022 11:00 PM IST

ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തോറ്റ് ജോ വിൽഫ്രഡ് സോംഗ ടെന്നിസിൽ നിന്ന് വിരമിച്ചു

ബ്രിട്ടീഷ് ഒന്നാം നമ്പർ വനിതാ താരം എമ്മ റാഡുകാനു രണ്ടാം റൗണ്ടിൽ പുറത്ത്

പാരീസ്: മുൻ ലോക അഞ്ചാം നമ്പർ താരവും ഓസ്‌ട്രേലിയൻ ഓപ്പൺ റണ്ണറപ്പുമായ ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിരമിച്ചു. 37 കാരനായ സോംഗയെ നോർവീജിയൻ താരമായ കാസ്പർ റൂഡാണ് നാല് സെറ്റ് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തിൽ 6-7, 7-6, 6-2, 7-6ന് തോൽപ്പിച്ചത്. ആദ്യ സെറ്റ് നേടിയശേഷമാണ് സോംഗ തോൽവിയിലേക്ക് വഴുതിവീണത്.

ഈ ഫ്രഞ്ച് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് സോംഗ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മത്സരശേഷം കണ്ണീരോടെയാണ് സോംഗ കോർട്ട് വിട്ടത്. സോംഗയോടുള്ള ആദരസൂചകമായി സ്‌റ്റേഡിയത്തിനകത്ത് താരത്തിന്റെ കരിയറുമായി ബന്ധപ്പെട്ട പ്രത്യേക വീഡിയോ പ്രദർശിപ്പിച്ചു.

റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, ആൻഡി മുറെ തുടങ്ങിയ ഇതിഹാസതാരങ്ങളെ അട്ടിമറിച്ചിട്ടുള്ള സോംഗ 2008 ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഫൈനലിലെത്തി ചരിത്രം കുറിച്ചിരുന്നു. അന്ന് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു.

ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും രണ്ട് തവണ വീതം സെമിയിലെത്താനും സോംഗയ്ക്ക് സാധിച്ചു. 2017 ഡേവിസ് കപ്പ് നേടിയ ഫ്രഞ്ച് ടീമിലംഗമായിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ പുരുഷ ഡബിൾസിൽ വെള്ളി നേടിയിരുന്നു. വനിതാ സിംഗിൾസിൽ ഇന്നലത്തെ വലിയ അട്ടിമറിയിലാണ് നിലവിലെ യു.എസ് ഓപ്പൺ ചാമ്പ്യൻ എമ്മ റഡുകാനു പുറത്തായത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ബെലറൂസിന്റെ അലിയാക്സാൻഡ്ര സാസ്നോവിഷാണ് എമ്മയുടെ കന്നി ഫ്രഞ്ച് ഓപ്പൺ കണ്ണീരിലാക്കിയത്. ആദ്യ സെറ്റ് നേടിയശേഷമാണ് ബ്രിട്ടീഷ് ഒന്നാം നമ്പർ വനിതാ താരം തോൽവിയിലേക്ക് നീങ്ങിയത്. സ്കോർ : 3-6,6-1,6-1.

Advertisement
Advertisement