അർജ്ജുന നിഷേധം: രഞ്ജിത്ത് മഹേശ്വരിയുടെ നിവേദനത്തിൽ കേന്ദ്രം തീരുമാനമെടുക്കണം

Wednesday 25 May 2022 11:07 PM IST

കൊച്ചി: അർജ്ജുന അവാർഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മുൻ ദേശീയ ട്രിപ്പിൾ ജമ്പ് താരവുമായ രഞ്ജിത്ത് മഹേശ്വരി നൽകിയ ഹർജിയിൽ, ഈയാവശ്യമുന്നയിച്ച് ഹർജിക്കാരൻ നാലാഴ്‌ചയ്‌ക്കകം കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടു മാസത്തിനകം ഇതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കാനും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് നിർദ്ദേശിച്ചു.

2013ൽ അർജ്ജുന അവാർഡിന് ഹർജിക്കാരനെ തിരഞ്ഞെടുത്തിരുന്നെങ്കിലും അവാർഡ് ദാനത്തിനു തൊട്ടു മുമ്പ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ ദേശീയ കായിക മന്ത്രാലയം നിർദ്ദേശിച്ചു. രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം. എന്നാൽ കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ, ഉത്തേജക മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അത് കായികതാരത്തോടുള്ള അവഹേളനമാണെന്നും മതിയായ കാരണമില്ലാതെ അവാർഡ് നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.