സർക്കാർ സ്കൂളുകളിലെ ആനുകൂല്യങ്ങൾ എയ്ഡഡ് മേഖലയ്‌ക്കും ലഭ്യമാക്കും: മന്ത്രി ശിവൻകുട്ടി

Thursday 26 May 2022 12:00 AM IST
സർക്കാർ സ്കൂളുകളിലെ ആനുകൂല്യങ്ങൾ എയ്ഡഡ് മേഖലയ്‌ക്കും ലഭ്യമാക്കും: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും എയ്ഡഡ് മേഖലയ്‌ക്കും ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് മേഖല നൽകിയ സംഭാവനകൾ വിസ്‌മരിക്കാനാകില്ല. പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഹസൻ മരയ്‌ക്കാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അംഗീകാരമില്ലാത്തതും തോന്നിയ സിലബസ് പഠിപ്പിക്കുന്നതുമായ അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കെതിരെ നടപടിയുണ്ടാകും.

വിദ്യാഭ്യാസ മേഖലയിൽ അപ്രഖ്യാപിത നിയമന നിരോധനമെന്ന് വരുത്തി തീർക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കും. കുട്ടികൾ ഏതു രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നോ ധരിക്കേണ്ടെന്നോ സർക്കാർ നിർദ്ദേശിച്ചിട്ടില്ല. ഇതിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയിൽ വർഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, മലങ്കര സഭ മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ഡയോനീഷ്യസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി കൊല്ലം മണി, വർക്കിംഗ് സെക്രട്ടറി നാസർ എടരിക്കോട്, ഭാരവാഹികളായ കാടാമ്പുഴ മൂസ, തോട്ടക്കാട് ശശി, ബൈജു പണിക്കർ ,ടി.ഒ. ഭാസ്‌കർ, തോമസ് കോശി, കല്ലട ഗിരീഷ്, കെ.ഗുലാബ് ഖാൻ, അഡ്വ.ഹമീദ്, പബ്ളിസിറ്റി ചെയർമാൻ വി.വി.ഉല്ലാസ് രാജ് എന്നിവർ സംസാരിച്ചു.