കൊല്ലം ബീച്ചിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു

Thursday 26 May 2022 1:14 AM IST
കൊല്ലം ബീച്ചിലെ അനധികൃത കച്ചവട സ്റ്റാളുകൾ ഒഴിപ്പിക്കുന്നു

കൊല്ലം: ബീച്ചിലെ അനധികൃത കച്ചവടങ്ങൾ കോർപ്പറേഷൻ ഒഴിപ്പിച്ചു. കടൽത്തീരം കൈയേറി സ്ഥാപിച്ച തട്ടുകടകളും ഇറക്കുകളും ഉൾപ്പടെ പൊലീസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ ഇടിച്ചുനിരത്തി. കച്ചവടക്കാർ തടയാൻ ശ്രമിച്ചെങ്കിലും നടപടി തുടർന്നു.

നഗരത്തിലെ അനധികൃത കച്ചവടങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബീച്ചിലെത്തുന്നവരുടെ സുരക്ഷ മുൻനിർത്തി ബീച്ചിനുള്ളിൽ കച്ചവടങ്ങൾ അനുവദിക്കില്ലെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. സന്ദർശകരുടെ ഇരിപ്പിടങ്ങൾ വരെ കച്ചവടക്കാർ കൈയേറിയിരുന്നു. കൊവിഡ് ഭീഷണി അകന്നതോടെ അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരാണ് ബീച്ചിലെത്തുന്നത്. ഇതോടെ ഒരുനിയന്ത്രണവുമില്ലാതെ കച്ചവടങ്ങളും പെരുകി. ബീച്ച് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വർദ്ധിച്ചു. ഇതിന് പുറമേ പാചകവാതക സിലിണ്ടർ ഉപയോഗിച്ചാണ് ഇവിടെ കച്ചവടക്കാർ ആഹാരം തയ്യാറാക്കുന്നത്. ഇത് വലിയ അപകട ഭീഷണി ഉയർത്തുന്നു.

സഹായം പ്രതീക്ഷിച്ച് തട്ടിക്കൂട്ട് !

നഗര പരിധിയിലെ തെരുവുകച്ചവടക്കാർക്ക് ലൈസൻസും പുനരധിവാസ സഹായവും നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചതിന് പിന്നാലെയാണ് അനധികൃത തട്ടുകടകൾ നഗരത്തിൽ ധാരാളമായി മുളച്ചുപൊന്തിയത്. ഇതോടെയാണ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. ഒഴിപ്പിക്കലിന് മുമ്പ് മുന്നറിയിപ്പ് നൽകിയില്ലെന്നാണ് കച്ചവടക്കാരുടെ പരാതി. എന്നാൽ, അനധികൃത കച്ചവടക്കാർ ഒഴിഞ്ഞുപോകണമെന്ന് നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും ദിവസങ്ങൾക്ക് മുമ്പ് കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നതായും മേയർ പറഞ്ഞു.

Advertisement
Advertisement