ശുദ്ധജലം ലഭ്യമാക്കാൻ നൂതന പദ്ധതികൾ: ഒരു വർഷത്തിനിടെ ഭൂജലവകുപ്പ് നിർമിച്ച് നൽകിയത് 45 കുഴൽക്കിണറുകൾ

Thursday 26 May 2022 1:54 AM IST
കുഴൽക്കിണറുകൾ

മലപ്പുറം: വേനൽക്കാലത്ത് ഉൾപ്പെടെ ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിലുള്ളവർക്ക് സൗജന്യമായി കുഴൽക്കിണറുകൾ നിർമിച്ച് നൽകി ഭൂജല വകുപ്പ്. തിരൂരങ്ങാടി, മങ്കട എന്നിവിടങ്ങളിലെ 45 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കുഴൽക്കിണർ നിർമിച്ച് നൽകിയത്. ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്രയും കുഴൽക്കിണറുകൾ ഒരുക്കിയതെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ എ. അനിത നായർ പറഞ്ഞു. തിരൂരങ്ങാടി നന്നമ്പ്ര പഞ്ചായത്തിലെ 30 കുടുംബങ്ങൾക്കും മങ്കടയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ 15 കുടുംബങ്ങൾക്കുമാണ് പദ്ധതിയുടെ ഗുണഫലം ലഭിച്ചത്. സ്ഥാന നിർണ്ണയം, കുഴൽക്കിണർ നിർമാണം എന്നിവയോടൊപ്പം ജലലഭ്യത കുറഞ്ഞ കിണറുകളിൽ കൈപമ്പ് ഘടിപ്പിച്ച് ജലവിതരണം നടത്തുന്നതും കൈപമ്പ് പദ്ധതികളുടെ അറ്റകുറ്റപണി നടത്തുന്നതും വകുപ്പാണ്. ജല ലഭ്യത കൂടുതലുള്ള കിണറുകളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിനും നവീകരണ പ്രവൃത്തി നടത്തുന്നതിനും പദ്ധതിയുണ്ട്.


തുറന്ന കിണർ റീച്ചാർജിംഗിന് ഏഴ് ലക്ഷം രൂപ
തുറന്ന കിണറുകൾ റീച്ചാർജ് ചെയ്യാൻ ഭൂജല വകുപ്പ് കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയത് ഏഴു ലക്ഷം രൂപയുടെ പ്രവൃത്തി. 2021-22 സാമ്പത്തിക വർഷത്തിലെ വകുപ്പ് തല പ്രവർത്തനത്തിന്റെ ഭാഗമായാണ് തുക വിനിയോഗിച്ചത്. കൃത്രിമ ഭൂജല സംപോഷണ പദ്ധതിക്ക് കീഴിലായി വരുന്ന ഈ സേവനം ജില്ലയിൽ അഞ്ച് പഞ്ചായത്തുകൾക്കാണ് ലഭ്യമായത്. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒതുക്കുങ്ങൽ ജി.എൽ.പി.എസ്, ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ടൗൺ ജി.എൽ.പി സ്‌കൂൾ, പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ആർ.ആർ. ആർ.എഫ് പൊലീസ് ക്യാമ്പ്, ഏ.ആർ നഗറിലെ പുകയൂർ ഹോമിയോ ഡിസ്‌പെൻസറി, മലപ്പുറത്തെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എന്നീ സ്ഥാപനങ്ങളിലെ കിണറുകളാണ് റീചാർജ് ചെയ്തത്. തുറന്ന കിണർ/ റീചാർജ്ജ് പിറ്റ്, കുഴൽക്കിണർ, ചെറിയ തടയണകളുടെ നിർമാണം വഴിയുള്ള ഭൂജല പരിപോഷണം എന്നീ സേവനങ്ങളും ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.

Advertisement
Advertisement