കടുത്ത ആശങ്ക: തൃശൂര്‍ എന്‍ജിനീയറിംഗ്   കോളേജിൽ  ഷിഗല്ല ബാധ, കൂടുതൽ പരിശോധന, കലോത്സവം മാറ്റി

Thursday 26 May 2022 1:02 PM IST

തൃശൂർ: തൃശൂര്‍ സർക്കാർ എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ. കോളേജ് ഹാേസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളിൽ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ രോഗമുണ്ടോ എന്നറിയാൻ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.

രോഗം ബാധിച്ച വിദ്യാർത്ഥിയെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ് യൂണിയൻ കലോത്സവം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എന്താണ് ഷിഗല്ല

ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കമാണ് ഷിഗല്ല. കുടലിനുള്ളിലേക്ക് ബാക്ടീരിയ തുളച്ച് കയറുന്നതു കൊണ്ടുതന്നെ ചികിത്സ പ്രയാസകരമാണ്. സാധാരണ കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുക. പ്രത്യേകിച്ച് മരുന്നില്ല. വൃത്തിഹീനമായ ഭക്ഷണം, മലിനജലം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പകരും. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.