ആളൊഴിഞ്ഞ സ്ഥലമാണോ എങ്കിൽ തട്ടാം അഞ്ചാംഗേറ്റിലും മാലിന്യം

Friday 27 May 2022 12:44 AM IST
waste

കോഴിക്കോട്: അരവിന്ദ് ഘോഷ് റോഡിൽ അഞ്ചാംഗേറ്റിന് സമീപം നീളത്തിൽ കുമിഞ്ഞുകൂടുകയാണ് മാലിന്യം. മലിനവസ്തുക്കൾ തട്ടാനുളള സ്ഥലമാണിപ്പോൾ ഇവിടം. സമീപത്ത് റെയിൽവേലൈൻ ആയതിനാൽ ഒരു ഭാഗത്ത് മാത്രമാണ് ആളുകൾ താമസിക്കുന്നത്. വൈകുന്നേരമാകുമ്പോഴേയ്ക്കും ആളൊഴിയുന്ന പ്രദേശമായതിനാൽ രാത്രിയിൽ എത്തുന്നവർ മാലിന്യം തള്ളുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടം മാലിന്യ കേന്ദ്രമാകുന്നതിനെചൊല്ലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ദിനംപ്രതി മാലിന്യങ്ങൾ കൂടി എന്നല്ലാതെ കാര്യമൊന്നുമുണ്ടായില്ല. തൊട്ട് മുന്നിൽ വീടുണ്ടായിട്ടും ഒരു മാന്യതയുമില്ലാതെ മാലിന്യം തള്ളുകയാണ് ചിലർ. മാലിന്യം നിക്ഷേപിക്കുന്നവരെ കാമറ വച്ച് പിടികൂടണമെന്ന ആവശ്യവും ശക്തമാണ്. മഴപെയ്യുമ്പോൾ മാലിന്യം നിറഞ്ഞ വെള്ളമാണ് റോഡിൽ. പിന്നീടത് ചീഞ്ഞ് ദുർഗന്ധമാകും. ദു‌ർഗന്ധവും ഈച്ച ശല്യവും കാരണം ജനലും വാതിലും തുറന്നിടാൻ പോലും പറ്റാത്ത അവസ്ഥയാണ് സമീപവാസികൾക്ക്. രാത്രി ഏറെ വൈകുന്നത് മുതൽ പുലർച്ചയോളം തെരുവുനായ്ക്കളും മാലിന്യവസ്തുക്കൾ കഴിക്കാനെത്തും. അവയുടെ ബഹളം കാരണം ഉറങ്ങാനും വയ്യാതായെന്ന് പ്രദേശവാസികൾ പറയുന്നു.

നായ്ക്കളുടെ കുര കാരണം ഉറങ്ങാൻ പോലും വയ്യ. ഈച്ച ശല്യവും ദുർഗന്ധവും കാരണം വാതിൽ എപ്പോഴും അടച്ചിടേണ്ടിവരുന്നു. എന്തൊരു കഷ്ടമാണിത്?

കെ.ടി ഷർലീന

പരിസരവാസി

കടയിലേയ്ക്ക് ദുർഗന്ധം വരുന്നത് കസ്റ്റമേഴ്സിന് മാത്രമല്ല ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വൈകിട്ട് കടയടച്ചുപോയതിനുശേഷമാണ് ആളുകൾ മാലിന്യം തള്ളാനെത്തുന്നത്.

ഇ.ടി ഷമീറ,

സമീപത്തെ ഷോപ്പിലെ ജീവനക്കാരി

Advertisement
Advertisement