3.1 കോടി അനുവദിച്ചു, പത്തനംതിട്ടയിൽ അത്യാധുനിക ഭക്ഷ്യപരിശോധനാ ലാബ്

Friday 27 May 2022 12:39 AM IST

പത്തനംതിട്ട : ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാലാബ് പത്തനംതിട്ടയിൽ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആനപ്പാറയിലെ 11 സെന്റ് സ്ഥലത്താണ് ലാബ് സജ്ജമാക്കുന്നത്. മൂന്ന് നിലകളിലെ ലാബ് സ്ഥാപിക്കുന്നതിന് 3.1 കോടി രൂപ അനുവദിച്ചു. എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും ഇവിടെ സാദ്ധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

അത്യാധുനിക ഉപകരണങ്ങളാണ് ലാബിൽ സ്ഥാപിക്കുന്നത്. സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ, മൈക്കോടോക്‌സിൻ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളുണ്ടാകും. നിലവിൽ ശബരിമലയ്ക്കായി പത്തനംതിട്ടയിൽ ചെറിയൊരു ലാബ് മാത്രമാണുള്ളത്. കുടിവെള്ളത്തിന്റെ പരിശോധനകൾ മാത്രമാണ് നിലവിലുള്ള ലാബിലൂടെ നടത്താൻ കഴിയുക. മറ്റ് പരിശോധനകൾ നടത്താൻ തിരുവനന്തപുരത്തുള്ള ഭക്ഷ്യ സുരക്ഷാലാബിലേക്കാണ് അയയ്ക്കുന്നത്.

നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണൽ ലാബുകളാണുള്ളത്. പത്തനംതിട്ടയിൽ ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാകുന്നതോടെ ഈ മേഖലയിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് വലിയ മാറ്റം വരുന്നതാണെന്നും മന്ത്രി പറഞ്ഞു.