അവഗണനയുടെ തൂക്കുകയറിൽ നടുമൺപാലം

Friday 27 May 2022 12:06 AM IST
തകർന്ന തൂക്കുപാലം

അടൂർ : ഏനാത്ത് ഇളംഗമംഗലത്ത് നടമണ്ണിൽ കല്ലടയാറിന് കുറുകെ ഇനിയും പാലമായില്ല. പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന നടുമൺ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിക്കാണ് നടപടിയില്ലാത്തത്.

2012ലാണ് നിർമ്മിച്ചത്. ഇത് 2018 ൽ തകർന്നതോടെ നാട്ടുകാർ വലയുകയാണ്. 2018 ലെ പ്രളയത്തിൽ ഒഴുകിവന്ന വലിയ തടിയും മറ്റുമിടിച്ചാണ് പാലം തകർന്നത്. പിന്നീട് ഗതാഗതയോഗ്യമാക്കിയില്ല.

നടപ്പാത അടർന്നുമാറി, കൈവരികൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചത്. കോൺക്രീറ്റ് തൂണുകൾക്കും പാലം തൂക്കിയിടുന്ന സ്റ്റീൽ റോപ്പുകൾക്കും തകരാറില്ല.

സ്കൂളിലെത്താനുള്ള എളുപ്പവഴിയായിരുന്നു പാലം. അഞ്ചുമിനിറ്റ് കൊണ്ട് സ്കൂളിൽ എത്തേണ്ടതിന് പകരം ഒരു മണിക്കൂറോളം സമയമെടുത്ത് എട്ട് കിലോമീറ്റർ യാത്രചെയ്യേണ്ട സ്ഥിതിയിലാണ് ഇപ്പോൾ വിദ്യാർത്ഥികൾ . ഏഴംകുളം പഞ്ചായത്തിലെ ഇളങ്ങമംഗലത്തെയും കൊല്ലം ജില്ലയിലെ കുളക്കടയെയും ബന്ധിപ്പിച്ചിരുന്നത് ഇൗ പാലമാണ്. ഇളങ്ങമംഗലത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സമീപത്തെ കുളക്കട ഹയർസെക്കൻഡറി സ്കൂളിൽ എത്താനുള്ള എളുപ്പവഴിയാണ്.

കുളക്കട ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ അധികൃതരും നാട്ടുകാരും മന്ത്രിമാർ ഉൾ പ്പെടെയുള്ളവർക്ക് പരാതികൾ നൽകിയിട്ടും ഫലം കണ്ടില്ല. കഴിഞ്ഞ വർഷം ജൂലായിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ സ്ഥലം സന്ദർശിച്ച് തൂക്കുപാലം പുനർനിർമ്മിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. പാലം പുനർ നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഇരു ജില്ലകളിലെയും കളക്ടർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് അധികൃതർ പാലം സന്ദർശിച്ച് കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതർ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

പാലം നിർമ്മിച്ചത് 2012 ൽ

ചെലവ് - 89 ലക്ഷം

പാലം തകർന്നത് 2018 ൽ

.

Advertisement
Advertisement