കൊച്ചിയിൽ 13 കോടിയുടെ ചരസ് വേട്ട, തോക്കുചൂണ്ടിയ പ്രതിയെ കീഴടക്കി

Thursday 23 May 2019 1:39 AM IST
പ്രതികളിൽ നിന്നും കണ്ടെടുത്ത ചരസ്

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 13 കോടി രൂപ വില വരുന്ന ആറര കിലോ ചരസ് കടത്തിയ അന്താരാഷ്ട്ര ഡ്രഗ് കാരിയർ എറണാകുളം സ്വദേശി വർഗീസ് ജൂഡ്സൺ (49) എക്സൈസിന്റെ സ്പെഷ്യൽ സീക്രട്ട് ടീമിന്റെ പിടിയിലായി. എക്സൈസ് സംഘത്തെ തോക്കിൻ മുനയിൽ നിറുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവൻ പണയം വച്ചാണ് പിടികൂടിയത്.

ചോക്ളേറ്റ് രൂപത്തിലാക്കിയ ചരസ് കൂടാതെ എട്ട് തിരകൾ നിറച്ച വിദേശ നിർമ്മിത തോക്കും മഹീന്ദ്ര എസ്.യു.വി കാറും പിടിച്ചെടുത്തു. എക്സൈസുകാരെ കണ്ട് ഇയാൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെ പാഞ്ഞ് തടഞ്ഞു. പുറത്തിറങ്ങി തോക്കുചൂണ്ടി ആൾക്കാർക്കിടയിലൂടെ ഓടാൻ ശ്രമിക്കേ മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്.

കേരളത്തിൽ ആദ്യമായാണ് ഇത്രയധികം ചരസ് പിടികൂടുന്നത്. നേപ്പാളിൽ നിന്ന് അതിർത്തി കടന്ന് ചരസ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ജൂഡ്സൺ.

ഒരുമാസം നീണ്ട ശ്രമത്തിനൊടുവിലാണ് എറണാകുളം പുതുവൈപ്പ് ലൈറ്റ്ഹൗസിന് സമീപം ആലുവ പറമ്പ് വീട്ടിൽ വർഗീസ് ജൂഡ്സണെ പിടികൂടാൻ എക്സൈസിനായത്. കുറഞ്ഞ അളവിൽ പിടികൂടിയ ചരസിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ജൂഡ്സണിലേക്ക് നീണ്ടത്.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ചന്ദ്രപാലന്റെ നിയന്ത്രണത്തിലുള്ള ടോപ്പ് നാർക്കോട്ടിക്സ് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പതോളം യുവാക്കളെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നാണ് നേപ്പാളിൽ നിന്ന് ചരസ് എത്തിക്കുന്നത് ജൂഡ്സൺ ആണെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാളുടെ പല ഇടപാടുകൾ എക്സൈസ് ചോർത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. മുമ്പ് പത്ത് കിലോ ചരസ് ഇയാൾ നേപ്പാളിൽ നിന്ന് എത്തിച്ചിട്ടുണ്ട്.

നാർക്കോട്ടിക്സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽ 10 വർഷം കഠിന തടവാണ് ശിക്ഷ. ഒരു കിലോയ്ക്ക് 20 വർഷം വരെയും ശിക്ഷ ലഭിക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ കെ.ആർ. രാംപ്രസാദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എ.എസ്. ജയൻ, ഡി.സി സ്ക്വാഡ് അംഗം റോബി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, എം.എം. അരുൺകുമാർ, സിദ്ധാർത്ഥൻ എന്നവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പ്രഖ്യാപിച്ച 25,000 രൂപയുടെ പാരിതോഷികം ഡെപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലൻ കൈമാറി.