സഭകളിൽ തുല്യ പ്രാതിനിദ്ധ്യം വേണം : വനിതാസാമാജികർ

Friday 27 May 2022 4:16 AM IST

തിരുവനന്തപുരം: നിയമനിർമ്മാണ സഭകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന് നിയമസഭയിൽ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിൽ രാജ്യത്തെ വനിതാ സാമാജികർ ആവശ്യപ്പെട്ടു. സമ്മേളനത്തിലെ 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും' എന്ന ആദ്യ സെഷനിലാണ് ഈ ആവശ്യമുന്നയിച്ചത്.

വനിതകൾക്ക് 33 ശതമാനം സംവരണം യാഥാർത്ഥ്യമാകാൻ ഇനിയും 75 വർഷമെടുക്കുമെന്ന സ്ഥിതിയാണെന്നും പാർലമെന്റിൽ 35 ശതമാനം വനിതാസംവരണം ഉറപ്പാക്കാൻ രാഷ്ട്രീയ, ഭാഷ, ദേശദേദമെന്യേ സ്ത്രീകൾ ഒരുമിക്കണമെന്നും മുൻ എം. പി വൃന്ദ കാരാട്ട് പറഞ്ഞു. വനിതകളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം ലൈംഗിക കമന്റുകളാണ് ഉണ്ടാകുന്നത്. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ സഭകളിൽ പെരുമാറ്റച്ചട്ടം വേണം. വനിതകൾ നിശ്ചയിക്കുന്ന ലക്ഷ്മണരേഖ കടന്നാൽ തിരിച്ചടിയുണ്ടാവുമെന്ന കൃത്യമായ സന്ദേശം നൽകണമെന്നും വൃന്ദ പറഞ്ഞു.

വനിതകൾക്ക് 50 ശതമാനം സംവരണം വേണമെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കർ നിമാ ബെൻ ആചാര്യ പറഞ്ഞു. വനിതകളെ മോശക്കാരായി സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രീകരിക്കുന്ന പ്രവണത കൂടുകയാണെന്ന് കനിമൊഴി എം.പി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ബിൽ കൊണ്ടുവരും. സ്ത്രീ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ സംസ്‌കാരവും പാരമ്പര്യവും കടന്നുവരുന്നതായും കനിമൊഴി പറഞ്ഞു.

രാജ്യം കൈവരിച്ച നേട്ടങ്ങളിൽ സ്ത്രീപങ്കാളിത്തം ഉണ്ടെന്നത് വിസ്മരിക്കരുതെന്ന് ഉത്തരാഖണ്ഡ് സ്പീക്കർ റിതു ഖണ്ഡൂരി പറഞ്ഞു. വനിതകൾക്ക് കേരളം നൽകുന്ന പ്രാധാന്യത്തെ പ്രകീർത്തിച്ച റിതു ഖണ്ഡൂരി, 22 വയസുള്ള മേയർ തലസ്ഥാന കോർപ്പറേഷൻ ഭരിക്കുന്നതിനെ അഭിനന്ദിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനം പൂർണ്ണമായി ഇല്ലാതാക്കുന്നതിനുള്ള നീക്കം ഉണ്ടാവണമെന്ന് പുതുച്ചേരി ഗതാഗത മന്ത്റി ചന്ദിര പ്രിയങ്ക പറഞ്ഞു. മുൻ നിയമസഭാംഗം ആർ. ലതാദേവി മോഡറേ​റ്ററായിരുന്നു. യു. പ്രതിഭ സ്വാഗതവും കെ. കെ. രമ നന്ദിയും പറഞ്ഞു.

Advertisement
Advertisement