ലൈംഗിക തൊഴിൽ ജീവനോപാധി, വേശ്യാലയം നിയമവിരുദ്ധം, സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

Friday 27 May 2022 12:00 AM IST

ന്യൂഡൽഹി: ലൈംഗിക തൊഴിലിനെ ജീവിതവൃത്തിയായി (പ്രൊഫഷൻ) അംഗീകരിച്ച് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. സ്വമേധയാ ഉള്ള ലൈംഗിക തൊഴിൽ നിയമവിരുദ്ധമല്ല. എന്നാൽ വേശ്യാലയം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലൈംഗിക തൊഴിലാളികളെ പൊലീസ് പീഡിപ്പിക്കരുതെന്നും അവർക്കും അന്തസോടെ ജീവിക്കാനും നിയമപരിരക്ഷയ്ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ലൈംഗികത്തൊഴിലാളികൾക്ക് പൂ‌ർണ നീതി ഉറപ്പാക്കാൻ, ഭരണഘടനയുടെ 142ാം വകുപ്പ് നൽകുന്ന സവിശേഷാധികാരം പ്രയോഗിച്ചാണ് ഉത്തരവ്. (ഇതേ സവിശേഷാധികാരം പ്രയോഗിച്ചാണ് കോടതി കഴിഞ്ഞയാഴ്ച രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ചത്.)

പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുത്. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ

പീഡിപ്പിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യരുത് - കോടതി നിർദ്ദേശിച്ചു. ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ലൈംഗിക തൊഴിലാളികൾക്കും മറ്റ് തൊഴിലുകൾ ചെയ്യുന്നവരെ പോലെ അന്തസായി ജീവിക്കാൻ അവകാശമുണ്ട്. നിയമത്തിൽ തുല്യസംരക്ഷണത്തിനും അർഹതയുണ്ട്.

ലൈംഗിക തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച പാനലിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശങ്ങൾ. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് വരെ ഈ നിർദ്ദേശങ്ങൾ നിലനിൽക്കും.

പാനലിന്റെ ശുപാർശകളിൽ കേന്ദ്രം ആറ് ആഴ്ചയ്ക്കകം മറുപടി നൽകണം. അതുൾപ്പെടെ പരിഗണിച്ച് ജുലായ് 27 ന് വീണ്ടും വാദം കേൾക്കും.

കോടതിയുടെ മറ്റ് നിർദ്ദേശങ്ങൾ.

അമ്മ ലൈംഗിക തൊഴിലാളി ആയതുകൊണ്ടു മാത്രം അവരിൽ നിന്ന് മക്കളെ വേർപെടുത്തരുത്.

വേശ്യാലയത്തിൽ ലൈംഗികത്തൊഴിലാളികൾക്കൊപ്പം കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ടു വന്നതായി കരുതരുത്.

കുട്ടി തന്റേതാണെന്ന് ലൈംഗികത്തൊഴിലാളി അവകാശപ്പെട്ടാൽ അത് ശാസ്‌ത്രീയമായി പരിശോധിക്കണം.

 ലൈംഗിക തൊഴിലാളികൾ നൽകുന്ന ലൈഗിക പീഡന പരാതികൾ പൊലീസ് വിവേചനത്തോടെ കാണരുത്.

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന അവർക്ക് നിയമ, വൈദ്യ സഹായങ്ങൾ നൽകണം.

അംഗീകാരമില്ലാത്ത വർഗമെന്ന രീതിയിൽ ലൈംഗിക തൊഴിലാളികളോട് പെരുമാറുന്ന പൊലീസിന്റെ ക്രൂരമായ സമീപനം മാറ്റണം.

ലൈംഗിക തൊഴിലാളികൾക്കായി നിയമം നടപ്പാക്കുന്ന പ്രക്രിയയിൽ അവരെയോ പ്രതിനിധികളെയോ ഉൾപ്പെടുത്തണം.

ലൈംഗിക തൊഴിലാളികൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഉറകളും മറ്റും അവരുടെ കുറ്റത്തിന് തെളിവായി പൊലീസ് എടുക്കരുത്

മാദ്ധ്യമങ്ങൾക്ക് താക്കീത്
പൊലീസ് അറസ്റ്റും റെയ്ഡും മറ്റും ചെയ്യുമ്പോൾ ലൈംഗിക തൊഴിലാളികളെ തിരിച്ചറിയുന്ന വിവരങ്ങളോ ചിത്രങ്ങളോമാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. ലംഘിച്ചാൽ ഐ. പി. സി 354 സി പ്രകാരം നടപടി എടുക്കണം. ഇതിന് മാർഗനിർദ്ദേശം നൽകാൻ പ്രസ് കൗൺസിൽ ഒഫ്‌ ഇന്ത്യയെ കോടതി ചുമതലപ്പെടുത്തി.

പാനൽ നിയമനം 2011 ജൂലായ് 20 ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു, ജസ്റ്റിസ് ജ്ഞാന സുധ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗിക തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഭിഭാഷകൻ പ്രദീപ് ഘോഷ് ചെയർമാനും അഭിഭാഷകൻ ജയന്ത് ഭൂഷണും എൻ.ജി.ഒ പ്രതിനിധികളുമടങ്ങിയ പാനലിന് രൂപം കൊടുത്തത്. 1999 ൽ കൊൽക്കത്തയിൽ ഒരു ലൈംഗിക തൊഴിലാളി ക്രൂരമായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേളയിലാണ് സുപ്രീം കോടതി ഈ തീരുമാനമെടുത്തത്.

Advertisement
Advertisement