ക്വാളിഫൈ ചെയ്യുന്നതാര് ?

Thursday 26 May 2022 11:39 PM IST

രാജസ്ഥാൻ റോയൽസും ആർ.സി.ബിയും തമ്മിലുള്ള രണ്ടാം ക്വാളിഫയർ ഇന്ന്, ജയിക്കുന്നവർ ഫൈനലിൽ

അഹമ്മദാബാദ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഈ സീസണിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകൾ ആരെന്ന് ഇന്നറിയാം. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന‌ടക്കുന്ന രണ്ടാം ക്വാളിഫയറിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ളെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലാണ് രണ്ടാം ക്വാളിഫയർ. ഇതിൽ വിജയിക്കുന്നവരാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റാൻസിനെ നേരിടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റാൻസിനോട് തോറ്റതിനാലാണ് സഞ്ജുവിനും സംഘത്തിനും രണ്ടാം ക്വാളിഫയറിൽ കളിക്കേണ്ടിവന്നത്.

എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ വിജയിച്ചതിന്റെ ആവേശത്തിലാണ് ഡുപ്ളെസിയും സംഘവും ക്വാളിഫയറിന് പാഡുകെട്ടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ആധികാരിക പ്രകടനം കാഴ്ചവച്ച ടീമാണ് സഞ്ജുവിന്റേത്. 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങൾ നേടാൻ അവർക്ക് കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീം പിന്നീട് ചില തോൽവികൾ ഏറ്റുവാങ്ങിയെങ്കിലും 18 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുവാൻ അവർക്ക് കഴിഞ്ഞിരുന്നു.

പുതിയ നായകന് കീഴിലാണ് ആർ.സി.ബി സീസണിനിറങ്ങിയത്. പതിവുപോലെ തപ്പിയും തടഞ്ഞും മുന്നോട്ടുപോയ ടീം ഒരു ഘട്ടത്തിൽ പ്ളേ ഓഫ് കാണുമെന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ അവസാന മത്സരത്തിലെ തോൽവി ആർ.സി.ബിയു‌ടെ തലവര മാറ്റിയെഴുതി.

ഈ സീസണിൽ രണ്ട് തവണയാണ് ആർ.സി.ബിയും റോയൽസും ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഓരോ വിജയം നേടി.

ഏപ്രിൽ അഞ്ചിന് വാങ്കഡെ സ്റ്റേഡിയത്തിൽ നാലുവിക്കറ്റിന് വിജയിച്ചത് ആർ.സി.ബി.ആദ്യം ബാറ്റ് ചെയ്ത റോയൽസ് 169/3 എന്ന സ്കോറുയർത്തി. അഞ്ചുപന്തുകളും നാലുവിക്കറ്റുകളും ശേഷിക്കേ ആർ.സി.ബി ലകഷ്യത്തിലെത്തി.

ഇതിന് മറുപടിയായി ഏപ്രിൽ 26ന് പൂനെയിൽ ന‌ടന്ന മത്സരത്തിൽ 29 റൺസിനാണ് റോയൽസ് ജയിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 144/8 എന്ന സ്കോർ ഉയർത്തിയ ശേഷം ആർ.സി.ബിയെ 115 റൺസിൽ ആൾഒൗട്ടാക്കുകയായിരുന്നു.

ഐ.പി.എല്ലിൽ ഇതുവരെ 24 മത്സരങ്ങളിൽ ഇരുടീമുകളും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 13 തവണ ആർ.സി.ബിയാണ് ജയിച്ചത്. 11ജയം റോയൽസിന്. ഇരുവരും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നാലിലും ജയിച്ചത് ആർ.സി.ബി.

ജോസ് ബട്ട്‌ലർ,സഞ്ജു സാംസൺ,ഷിമ്രോൺ ഹെറ്റ്മേയർ,ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ,ട്രെന്റ് ബൗൾട്ട് തുടങ്ങിയ താരങ്ങളാണ് രാജസ്ഥാൻ റോയൽസിന്റെ കരുത്ത്.

ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കൊഹ്‌ലി,നായകൻ ഡുപ്ളെസി, എലിമിനേറ്ററിൽ സെഞ്ച്വറി നേടിയ രജത് പാട്ടീദാർ,മികച്ച ഫോമിൽ കളിക്കുന്ന ഫിനിഷർ ദിനേഷ് കാർത്തിക്, ഹർഷൽ പട്ടേൽ തുടങ്ങിയ താരനിരയിലാണ് ആർ.സി.ബിയുടെ പ്രതീക്ഷ.

7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.

Advertisement
Advertisement