അടൂർ നഗരഹൃദയത്തിലെ റോഡ് രണ്ട് ദിവസം കൊണ്ട് ഉന്നത നിലവാരത്തിലേക്ക് (

Thursday 26 May 2022 11:51 PM IST
തകർന്നുകിടന്നപടിഞ്ഞാറെ വൺവേപോയിന്റ് കഴിഞ്ഞ ദിവസം ബി. സി ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയപ്പോൾ

അടൂർ : മാസങ്ങളായി നഗരത്തിലെ ഗതാഗതക്കുരുക്ക് താറുമാറാക്കാൻ ഇടയാക്കിയ റോഡ് ടാറിംഗ് ആരംഭിച്ചു. വാട്ടർ അതോററ്റി ഉന്നത നിലവാരത്തിലുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി സെൻട്രൽ ജംഗ്ഷൻ മുതൽ ഹോളിക്രോസ് ഹോസ്പിറ്റൽ ജംഗ്ഷൻ വരെ എടുത്ത കുഴികൾക്ക് മുകളിലുള്ള ടാറിംഗാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.പാർത്ഥസാരഥി ജംഗ്ഷൻ ഭാഗം ബുധനാഴ്ച രാത്രിയിൽ പൂർത്തിയാക്കി. ഇന്നലെ രാത്രിയോടെ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളും പൂർത്തിയാക്കി. കെ. പി റോഡിൽ അടൂർ സെൻട്രൽ ജംഗ്ഷൻ മുതൽ ഏഴംകുളം പട്ടാഴിമുക്ക് വരെ റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗം മതിയായ രീതിയിൽ ഉറപ്പിക്കാതെ വിട്ടുനൽകിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ ടാർചെയ്ത റോഡ് തകർന്നത് ഇപ്പോഴും യാത്രക്കാർക്ക് അപകട ഭീഷണിയായുണ്ട്. ഇപ്പോൾ പലസ്ഥലങ്ങളിലും മെറ്റിൽ നിരത്തിയപ്പോഴും പൈപ്പിന്റെ ചേർത്തുവച്ച ഭാഗങ്ങളിൽ നിന്ന് വിവിധ വ്യാപാരസ്ഥാപനങ്ങളിലേക്ക് കണക്ഷൻ കൊടുത്തതുവുവഴിയുമുണ്ടായ ചോർച്ച റോഡിന്റെ നവീകരണത്തെ ബാധിച്ചു. ഇത് പൂർണമായി പരിഹരിച്ചു എന്ന് ഉറപ്പാക്കിയശേഷമാണ് പൈപ്പുലൈനുകൾ സ്ഥാപിച്ച കുഴികൾക്ക് മുകളിൽ മെറ്റിൽ ഇട്ട് ഉറപ്പിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ബിറ്റുമിൻ മെക്കാഡം ഉപയോഗിച്ചുള്ള ടാറിംഗിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ ഇതേ ജോലികൾ പൂർത്തീകരിക്കുന്നതിനൊപ്പം ഹോളിക്രോസ് ജംഗ്ഷൻ മുതൽ ബിറ്റുമിൻ കോൺക്രീറ്റിന്റെയും പണി ആരംഭിച്ചു. ഫലത്തിൽ രണ്ട് ദിവസം കൊണ്ട് നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന റോഡ് ഉന്നത നിലവാരത്തിലെത്തും. ഒപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിനും ഒരുപരിധിവരെ പരിഹാരമാകും