എന്തുചെയ്യും തേങ്ങ @ 23.50

Friday 27 May 2022 12:09 AM IST

കാഞ്ഞങ്ങാട്: സാധാരണക്കാരുടെ നാണ്യവിളയായ തേങ്ങയുടെ വിലയിടിവ് കർഷകർക്ക് കനത്ത പ്രഹരമാകുന്നു. ഒരു കിലോ തേങ്ങയ്ക്ക് കർഷകന് ലഭിക്കുന്നത് 23.50 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇതേ വിലയാണെന്ന് കാഞ്ഞങ്ങാട് മാർക്കറ്റിംഗ് സൊസൈറ്റി അധികൃതർ പറയുന്നു.

ഏതാനും ആഴ്ചകൾക്കു മുമ്പുവരെ 35 മുതൽ 38 രൂപവരെ വില ലഭിച്ചിരുന്നിടത്താണ് ഈ വിലത്തകർച്ച. ഒരു മാസമായി വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കർഷകർ പറയുന്നു.

തെങ്ങ് കയറ്റക്കാർക്ക് തെങ്ങൊന്നിന് 40 രൂപ നൽകണം. തേങ്ങ പൊതിക്കാൻ വേണ്ടത് ഒരു രൂപയും. ഇത്രയെല്ലാം ചെലവിടുമ്പോഴും കർഷകന് അതിന്റെ നാലിൽ ഒന്നുപോലും ലഭിക്കുന്നില്ല. തെങ്ങിന് കാര്യമായ വളവും അതുപോലെ വെള്ളവും കിട്ടിയാലേ തേങ്ങകളുണ്ടാകൂ. അതിനുള്ള ചിലവ് വേറെയും. അതേസമയം വില ഇനിയും കുറയാനാണ് സാധ്യതയെന്ന് മാർക്കറ്റിംഗ് സൊസൈറ്റി അധികൃതർ പറയുന്നു.

താങ്ങുവില 32

സർക്കാറിന്റെ താങ്ങുവില 32 രൂപയാണ്. എന്നാൽ സർക്കാറിന്റെ സംഭരണ കേന്ദ്രങ്ങളിൽ മാത്രമാണ് താങ്ങുവില ലഭിക്കുന്നത്. ഇതിന് കൃഷി ഭവനുകളിൽ നിന്ന് കരമടച്ചതിന്റെ രശീത് അടക്കമുള്ള രേഖകൾ ഹാജരാക്കണം.

കാഞ്ഞങ്ങാട്ട് ചില സ്വകാര്യ വ്യക്തികൾ പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. അവരും മാർക്കറ്റിംഗ് സൊസൈറ്റിയുടെ അതേ വില തന്നെയാണ് നൽകിവരുന്നത്.

കർഷകർ

Advertisement
Advertisement