തൃക്കാക്കര പൂരത്തിന് നാളെ കൊട്ടിക്കലാശം

Saturday 28 May 2022 2:59 AM IST

കൊച്ചി: ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പൂരത്തിന് നാളെ കൊട്ടിക്കലാശം. മൂന്ന് മുന്നണികളും കൊട്ടിക്കലാശം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിൽ. കേരള രാഷ്‌ട്രീയത്തിന്റെ സിരാകേന്ദ്രമായി മാറിയ തൃക്കാക്കരയിൽ മുഖ്യമന്ത്രി മുതൽ എല്ലാ മന്ത്രിമാരും എം.എൽ.എമാരും പ്രതിപക്ഷ നേതാക്കളുമുൾപ്പെടെ മൂന്നു മുന്നണികളുടെയും വമ്പൻ നേതൃനിര തമ്പടിച്ചിരിക്കുന്നു. പുറമേ പ്രാദേശിക നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും.

കേരളത്തിലെ ഏതെങ്കിലുമൊരു നിയോജകമണ്ഡലത്തിൽ ഓരോവീടും അരിച്ചുപെറുക്കി വോട്ട് അഭ്യർത്ഥിക്കാൻ ഇത്രയേറെ സംസ്ഥാനനേതാക്കൾ അണിനിരന്ന തിരഞ്ഞെടുപ്പ് ആദ്യം. കുടിലുമുതൽ കൊട്ടാരം വരെ മന്ത്രിമാരും മുൻനിരനേതാക്കളും കയറിയിറങ്ങുകയാണ്.

മുഖ്യമന്ത്രി ഇന്നലെ രണ്ട് യോഗങ്ങളിൽ പ്രസംഗിച്ചു. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നലെ പ്രചാരണത്തിനിറങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രണ്ടുദിവസം പൂർണമായും മണ്ഡലത്തിലുണ്ടായിരുന്നു.

എൻ.ഡി.എ നേതാക്കളായ കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, പി.കെ.കൃഷ്ണദാസ്, അഡ്വ.എസ്.സുരേഷ്, അഡ്വ.ജോർജ് കുര്യൻ, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ സജീവം.

ആവനാഴി സജീവം

ദിവസവും വീണുകിട്ടുന്ന രാഷ്ട്രീയമാണ് അങ്കത്തട്ടിലെ പ്രധാന ആയുധങ്ങൾ. ആദ്യഘട്ടങ്ങളിൽ വികസനവും കെ - റെയിലുമൊക്കെ ചെറുപൂരങ്ങളായി കടന്നുപോയി. അവസാന റൗണ്ടിൽ വർഗീയതയും അല്പം അശ്ലീലവും. 'നമ്മുടെ വീട്ടിൽ നമ്മുടെ ആളുകൾ" പോകണമെന്ന ആധുനിക മതേതര സിദ്ധാന്തവും തൃക്കാക്കര പൂരത്തിന്റെ ചേരുവയാണെന്ന ആക്ഷേപമുണ്ട്.

കൊട്ടിക്കയറുന്ന ആവേശം

നൂറുകണക്കിന് പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ് തൃക്കാക്കരയിൽ. നേതാക്കൾക്ക് അകമ്പടിയായി കൊടികെട്ടിയ കാറുകളും മൈക്ക് കെട്ടിയ ജീപ്പുകളും രണ്ടാംനിര നേതാക്കളുടെ മുന്തിയകാറുകളും. സദസിലുള്ളവരേക്കാൾ കൂടുതൽ വന്നുചേരുന്നവർ. നാളെ കലാശക്കൊട്ടിന് മുമ്പ് മണ്ഡലം അരിച്ചുപെറുക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും.

Advertisement
Advertisement