ഇന്ത്യയുടെ ഡിജിറ്റൽ കറൻസി; കൂടുതൽ വ്യക്തത വരുത്തി ആർ.ബി.ഐ

Saturday 28 May 2022 12:40 AM IST

മുംബയ്: രാജ്യം പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെക്കുറിച്ച് വാർഷിക റിപ്പോർട്ടിൽ കൂടുതൽ വ്യക്തത നൽകി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) അവതരിപ്പിക്കുക. ഓരോ ഘട്ടങ്ങളിലെയും പരാജയ സാദ്ധ്യതകൾ കണക്കാക്കി ഒരു ഉത്പ്പന്നമോ പ്രക്രിയയോ മുന്നോട്ട് കൊണ്ടുപോവുന്ന രീതിയാണിത്.

ഘട്ടംഘട്ടമായി ആവും സി.ബി.ഡി.സി പുറത്തിറക്കുക എന്ന് റിസർവ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ സി.ബി.ഡി.സിയുടെ ഗുണദോഷങ്ങൾ പരിശോധിക്കുകയാണ് ആർ.ബി.ഐ. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത, പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയ്ക്ക് കോട്ടംതട്ടാതെയുള്ള സമീപനം ആയിരിക്കും ആർ.ബി.ഐ വിഷയത്തിൽ സ്വീകരിക്കുക.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ആയിരിക്കും സി.ബി.ഡി.സിക്ക് നൽകുക. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന രൂപയുടെ ഡിജിറ്റൽ പതിപ്പായിരിക്കും ഇന്ത്യ പുറത്തിറക്കുന്ന സി.ബി.ഡി.സി. നടപ്പ് സാമ്പത്തിക വർഷം തന്നെ സി.ബി.ഡി.സി എത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബഡ്‌ജറ്റ് അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement