അറപ്പ് തോന്നും ആവിക്കൽ തോട് കണ്ടാൽ മാലിന്യതോട്

Saturday 28 May 2022 12:06 AM IST
വെള്ളയിൽ ആവിക്കൽ തോട് മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചനിലയിൽ

കോഴിക്കോട്: ഒരുകാലത്ത് ആളുകൾ കുളിച്ചിരുന്ന ആവിക്കൽ തോട് കാണുന്നവർക്ക് ഇപ്പോൾ അറപ്പും ഭയവുമാണ്. ചെളിയും മാലിന്യവും ഓടയിൽ നിന്നുള്ള വെള്ളവും അടിഞ്ഞുകൂടി പ്രദേശത്തുകാർക്ക് മുഴുവൻ ദുരിതം വിതയ്ക്കുകയാണ് ആവിക്കൽ തോട്. തോട് ഒഴുകുന്നത് സമീപത്തെ കടലിലേയ്ക്കാണ്. തോടിന് മുകളിലൂടെ പോകുന്ന തീരദേശ റോഡിനു് താഴെയും മാലിന്യം കെട്ടികിടക്കുകയാണ്. തോട്ടിലെ മാലിന്യനീക്കം ആഘോഷമായി നടക്കുന്നുണ്ടെങ്കിലും കോരുന്ന മാലിന്യം സമീപത്തുതന്നെ ഇടുന്നു എന്നതാണ് കൗതുകം. മഴക്കാല പൂർവശുചീകരണമെന്ന പേരിൽ കണ്ണിൽപൊടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.

20 വർഷം മുമ്പ് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ തോടിന്റെ അരികിൽ ചരലും മണ്ണും ഇട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് പദ്ധതി പാതിവഴിയിലായി. ഇപ്പോൾ മാലിന്യം വലിച്ചെറിയുന്ന കേന്ദ്രമായി ആവിക്കൽ തോട് മാറിയിരിക്കുകയാണ്. മാലിന്യം നിറഞ്ഞതോടെ തോടിന്റെ വീതി കുറഞ്ഞ് ഒഴുക്കും നിലച്ചു.

നടക്കാവ്, മൂന്നാലിങ്ങൽ ഭാഗത്തുനിന്നുള്ള ഓവുചാലുകൾ ഈ തോട്ടിലാണ് ചേരുന്നത്.

വെള്ളംകെട്ടിനിൽക്കുന്നതിനാൽ കഴിഞ്ഞ മഴയ്ക്ക് സമീപ പ്രദേശങ്ങളിലെ പലരുടെ വീട്ടിലും മലിനജലം കയറിയിരുന്നു. എലിപ്പനിയും ത്വക്ക് രോഗഭീഷണിയും രൂക്ഷമായിട്ടുണ്ട്. ആവിക്കൽ തോടിലേയ്ക്ക് എത്തുന്ന മറ്റൊരു തോടും കുറച്ച് പിന്നിലായി ഉണ്ട്. ആവിക്കൽ തോട് സുഗമമായി ഒഴുകാത്തതിനാൽ സമീപത്തെ തോട്ടിലും വെള്ളം കെട്ടിനിൽക്കുകയാണ്. ചെളിയും മാലിന്യവും കോരിമാറ്റി പഴയ സ്ഥിതിയാക്കി അരികിൽ കരിങ്കല്ല് കെട്ടി സ്ലാബ് ഉപയോഗിച്ച് അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ബോർഡ് ഉണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ല.

' റോഡിനടിയിലൂടെ ഒഴുകുന്ന തോട്ടിൽ നിറയെ മാലിന്യമാണ്. ഇത് കോരി മാറ്റിയാലെ ഒഴുക്ക് സുഗമമാകൂ. ചെളിയും മാലിന്യവും മാറ്റി സ്ലാബ് പാകണം. ഇല്ലെങ്കിൽ ആളുകൾ വീണ്ടും മാലിന്യം വലിച്ചെറിയും'

അബ്ദുൾ വഹാബ്, പ്രദേശവാസി.

Advertisement
Advertisement