എംപ്ലോ. എക്സ്ചേഞ്ച് വഴി സ്‌കൂൾ താത്കാലിക നിയമനം വൈകും

Saturday 28 May 2022 12:10 AM IST

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക - അനദ്ധ്യാപക താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടത്തണമെന്ന നിർദ്ദേശം നടപ്പാക്കിയാൽ ഒഴിവുകൾ നികത്താൻ വൈകുമെന്ന് ആശങ്ക. എംപ്ലോയ്മെന്റ് ഡയറക്ടറാണ് ഈ നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചത്.

നിലവിൽ പി.ടി.എയുടെ നേതൃത്വത്തിൽ അപേക്ഷകരെ വിളിച്ച് അഭിമുഖം നടത്തിയാണ് നിയമനം നടത്തുന്നത്. പുതിയ അദ്ധ്യയന വർ‌ഷം തുടങ്ങാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ, ഒഴിവുകൾ നികത്താനുള്ള അഭിമുഖം മിക്ക സ്കൂളുകളിലും ആരംഭിച്ചിട്ടുണ്ട്.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്താൽ യോഗ്യരായവരെ തിരഞ്ഞെടുക്കാൻ പത്തുപേർക്ക് അറിയിപ്പ് നൽകും. എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കത്തയയ്‌ക്കുന്നത്. ഇവരെ വിളിച്ചുവരുത്തി ഇന്റർവ്യൂ നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഏറെ താമസം ഉണ്ടാകുമെന്നാണ് ആശങ്ക. ഈ നടപടി ക്രമങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങണമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ മാസം 10നാണ് എംപ്ലോയ്മെന്റ് ഡയറക്‌ടർ കത്തയച്ചത്. തീരുമാനം വ്യക്തമാക്കാതെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത് ബുധനാഴ്ച ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് അയച്ചുകൊടുത്തു. വകുപ്പിന്റെ ഉത്തരവില്ലാതെ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് ഉപഡയറക്ടർമാർ.

എംപ്ലോയ്മെന്റ് ഡയറക്ടറുടെ നിർദ്ദേശം പാലിച്ചാൽ ഒഴിവുകൾ നികത്താൻ വൈകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും ആശങ്കയുണ്ട്. എന്നാൽ, സർക്കാർ ഉത്തരവുകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിർദ്ദേശമായതിനാൽ തള്ളാനും വയ്യ. പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തതയുള്ള ഉത്തരവ് നൽകണമെന്നാണു താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ആവശ്യം.

 എംപ്ലോയ്മെന്റ് ഡയറക്ടറുടെ നിർദ്ദേശം

ഒഴിവുകൾ നിയമപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കണം. യോഗ്യതയും സംവരണവും അടക്കമുള്ള വ്യവസ്ഥകൾ പരിഗണിച്ച് എക്‌സ്ചേഞ്ചിൽ നിന്ന് ലിസ്റ്റ് നൽകും. അതിലുള്ളവരുടെ അഭിമുഖം നടത്തി താത്കാലിക നിയമനം നടത്തണം.