വരുന്നു.. കന്നുകാലികൾക്ക് പുതിയ 'തിരിച്ചറിയൽ കാർഡ്'

Friday 27 May 2022 11:42 PM IST

പത്തനംതിട്ട: കന്നുകാലികളെയും അവയുടെ ഉടമസ്ഥരെയും തിരിച്ചറിയാൻ നൂതന മാർഗവുമായി റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്‌.ഐ.ഡി ) മൈക്രോചിപ്പിംഗ് പദ്ധതി ജില്ലയിൽ നടപ്പാകുന്നു. സംസ്ഥാനത്ത് ആദ്യമായാണിത്.

കന്നുകാലികളെ തിരിച്ചറിയാൻ ഇപ്പോൾ പ്ലാസ്റ്റിക് ടാഗുകളാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ സമഗ്രമായ ഡിജിറ്റൽ സംവിധാനം മൃഗസംരക്ഷണ മേഖലയിൽ ഒരു സർക്കാർ വകുപ്പ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്കാണ്.

ഭാവിയിൽ കാലാവസ്ഥാമാറ്റം ഉൾപ്പടെയുള്ള വിവരങ്ങളടക്കം കർഷകർക്കു ലഭ്യമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. കന്നുകാലികളെ കൈമാറ്റം ചെയ്യുമ്പോൾ മൃഗസംരക്ഷണവകുപ്പിലും അറിയിക്കണം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 10.30ന് ഓമല്ലൂർ എ.ജി.ടി ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ. അജിലാസ്റ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ആന്റോ ആന്റണി എം.പി, മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ ഡോ. ഇ.ജി. പ്രേം ജെയിൻ തുടങ്ങിയവർ പ്രസംഗിക്കും.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഡോ.തോമസ് ജേക്കബ്, ഡോ.എം.ജി. ജാൻകിദാസ്, ഡോ.എബി കെ. ഏബ്രഹാം, ഡോ.സുബെയ്ൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മൈക്രോചിപ്പിംഗ്

12 മില്ലിമീറ്റർ നീളവും രണ്ട് മില്ലിമീറ്റർ വ്യാസവുമുള്ള ബയോകോംപാറ്റബിൾ ഗ്ലാസ് കൊണ്ടാണ് മൈക്രോ ചിപ്പ് നി‌ർമ്മിച്ചിരിക്കുന്നത്. ഇത് മൃഗങ്ങളുടെ തൊലിക്കടിയിൽ നിക്ഷേപിക്കാം. ഒരു ദിവസം പ്രായമായ മൃഗങ്ങളിലും ഇത് ഘടിപ്പിക്കാം. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയൽ നമ്പർ മനസിലാക്കാൻ പ്രത്യേക മൈക്രോ ചിപ്പ് റീഡർ ഉപയോഗിക്കും. പുതുതായി ആവിഷ്‌കരിക്കുന്ന സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ വഴി ഇ - സമൃദ്ധ സോഫറ്റ് വെയറിൽ നമ്പർ എത്തുകയും വിവരങ്ങൾ കർഷകർക്കും സാങ്കേതിക ഉദ്യോഗസ്ഥർക്കും ലഭിക്കുകയും ചെയ്യും. കന്നുകാലിയെ സംബന്ധിക്കുന്ന പൂർണ വിവരങ്ങൾ ചിപ്പിൽ ഉള്ളടക്കം ചെയ്തിരിക്കും.


പദ്ധതിക്ക് അനുവദിച്ചത് 7.52 കോടി

Advertisement
Advertisement