സ്കൂൾ വിപണി ഒരുങ്ങി, പുതുമോടിയിൽ പുതിയ ക്ളാസിലേക്ക്

Friday 27 May 2022 11:49 PM IST

പത്തനംതിട്ട : വീണ്ടും ഒരു അദ്ധ്യയനവർഷം കൂടി എത്തുകയാണ്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം കുട്ടികൾ സ്കൂളിലേക്കെത്തുമ്പോൾ സജീവമാകാൻ തയ്യാറെടുക്കുകയാണ് വിപണി. നിലവിൽ വലിയ തിരക്കൊന്നും വിപണിയിലില്ല. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞപ്പോൾ നവംബറിൽ സ്കൂളുകൾ തുറന്നിരുന്നു. അതുകൊണ്ടാകാം വലിയ തിരക്ക് അനുഭവപ്പെടാത്തതെന്ന് വ്യാപാരികൾ പറയുന്നു. സ്കൂൾ തുറക്കുന്നതിന് രണ്ടുദിവസം മുമ്പ് തിരക്കാവുമെന്ന ശുഭ പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഓൺലൈൻ വിപണി വില്ലൻ

പഠനം ഓൺലൈൻ ആയതിനാൽ കഴിഞ്ഞ രണ്ടുവർഷമായി വിപണിയിൽ വലിയ തിരക്കില്ല. കൂടുതൽ ആളുകളും സാധനങ്ങൾ വാങ്ങാൻ ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നതിനാൽ കടകളിലേക്ക് ആളുകളെത്തുന്നത് കുറവാണ്. കുറഞ്ഞ വിലയ്ക്ക് വാതിൽപ്പടിയിൽ നല്ല സാധനങ്ങൾ ലഭിക്കുന്നതിനാൽ ഭൂരിഭാഗവും ഓൺലൈൻ വിപണിയെ ആണ് ആശ്രയിക്കുന്നത്. ബാഗിനും കുടയ്ക്കുമെല്ലാം വൻ ഓഫറുകളും ഓൺലൈൻ വിപണിയിലുണ്ട്. ബാഗും കുടയും ചെരുപ്പും വസ്ത്രങ്ങളുമെല്ലാം ഓൺലൈൻ വിപണിയിൽ എത്തിയതോടെ ചെറുകിട വിൽപ്പനക്കാർ ആണ് ബുദ്ധിമുട്ടിലായത്. മുന്നൂറ് രൂപ മുതൽ 1500 രൂപ വരെയുള്ള ബാഗുകളുണ്ട് കടയിൽ.

ബുക്കിലും കുടയിലും ബാഗിലും ഹീറോസ്
കാർട്ടൂൺ കഥാപാത്രമായ ഛോട്ടാഭീം, ഡോറാ ബുജി, ബാർബി, മിക്കിമൗസ് എന്നിവയുടെ ചിത്രം പതിച്ച ബാഗും കുടയും വാട്ടർ ബോട്ടിലും വിപണിയിലുണ്ട്.

സ്പൈഡർമാനും ബാറ്റ്മാനും പോലുള്ള സൂപ്പർ ഹീറോകളുടെ ചിത്രമുള്ള ചെറിയ ബുക്കിന് നാൽപ്പതും വലിയ ബുക്കിന് അറുപതും രൂപയാണ് വില.

പേന ആറ് രൂപ മുതലാണുള്ളത്. നൂറ് രൂപയ്ക്ക് പത്ത് എണ്ണം ലഭിക്കുന്ന പേനയാണ് കൂടുതലും വിറ്റഴിയുന്നത്.

Advertisement
Advertisement