അപ്രഖ്യാപിത നിയമനനിരോധനം അഭ്യസ്തവിദ്യരെ വഞ്ചിക്കൽ: പ്രേമചന്ദ്രൻ

Saturday 28 May 2022 12:54 AM IST

കൊച്ചി: അപ്രഖ്യാപിത നിയമനനിരോധനം അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കലാണെന്ന് ആർ.എസ്.പി കേന്ദ്രസെക്രട്ടേറി​യറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. നിയമനനിരോധനത്തിന് പി.എസ്.സിയെ സർക്കാർ ദുരുപയോഗിക്കുകയാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് വകുപ്പുകൾക്കും നിർദ്ദേശം നൽകി. ലാസ്റ്റ്ഗ്രേഡ് സർവന്റ്സ് (എൽ.ജി.എസ്) റാങ്ക്പട്ടിക മൂന്നിലൊന്നായി ചുരുക്കിയത് സർക്കാർ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

2017ൽ എൽ.ജി.എസ് റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ മാത്രം 46,885 പേരുണ്ടായിരുന്നു. 2022ലെ പട്ടികയിൽ മെയിൻ ലിസ്റ്റിലും സപ്ളിമെന്ററി ലിസ്റ്റിലുമായി 16,618 പേർ മാത്രം. ലിസ്റ്റിന്റെ മൂന്നുവർഷ കാലാവധിക്കിടെ വിരമിക്കലുൾപ്പെടെ അരലക്ഷം ഒഴിവുകൾക്ക് സാദ്ധ്യതയുള്ളപ്പോഴാണിത്. ധനമന്ത്രിയുടെ ഓഫീസ് വാക്കാൽ നൽകിയ നിർദ്ദേശപ്രകാരമാണ് പട്ടിക ചുരുക്കിയത്. ഇതിനായി കട്ട് ഓഫ് മാർക്ക് വർദ്ധിപ്പിച്ചു.

എൽ.ജി.എസിലുൾപ്പെട്ട പലരും എൽ.ഡി ക്ളാർക്ക് പട്ടികയിലും ഉൾപ്പെടും. എൽ.ജി.എസിലുൾപ്പെട്ടവർ എൽ.ഡി.സിയിൽ വരുന്നതോടെ നിയമിക്കാൻ ആളില്ലാത്ത സ്ഥിതിയാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.