4 വർഷം പണിത റോഡ് കുളം, കരാറുകാരന് ടെർമിനേഷൻ

Saturday 28 May 2022 1:14 AM IST

കൊല്ലം: നാലുവർഷം പണിതിട്ടും കുണ്ടറ - മൺറോത്തുരുത്ത് റോഡ് കുളമാക്കിയ കരാറുകാരന് സർക്കാരിന്റെ മുട്ടൻ പണി. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാതിരുന്ന കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് കേരളാ റോഡ് ഫണ്ട് ബോർഡ് ഉത്തരവിറക്കി.

ഗ്രാമീണ ടൂറിസത്തിലൂടെ ശ്രദ്ധ നേടിയ മൺറോത്തുരുത്തിലേക്കുള്ള ഏക പാതയാണ് പണിതിട്ടും പണിതിട്ടും തീരാതെ കിടക്കുന്നത്. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡ് തകർന്ന് യാത്ര തീർത്തും ദുരിതപൂർണമായിരുന്നു.

റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി കേരളകൗമുദി പല തവണ വാർത്ത നൽകിയിരുന്നു. സി.പി.എം പ്രാദേശിക നേതൃത്വം വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

നിർമ്മിച്ചത് 11 കിലോമീറ്റർ

1. നാലുവർഷം കൊണ്ട് 11 കിലോമീറ്റർ ഭാഗത്തെ ബി.എം വർക്ക് മാത്രമാണ് നടന്നത്

2. മാർച്ച് 31ന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു

3. കാനറാ ബാങ്ക് മുതൽ പട്ടംതുരുത്ത് ടെലിഫോൺ എക്സേഞ്ച് വരെ 4 കി​ലോമീറ്റർ റോഡ് തീർത്തും പൊട്ടിപ്പൊളിഞ്ഞു

4. മഴക്കാലത്ത് വെള്ളക്കെട്ടും വേനലി​ൽ പൊടി​യി​ലമർന്നും ആറ് കിലോമീറ്റർ ദുരിതം

5. നാട്ടുകാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ വലയ്ക്കുന്നു

മുന്നറിയിപ്പും വകവച്ചില്ല ആദ്യഘട്ടം ചിറ്റുമല മുതൽ കൊച്ചുപ്ളാംമൂട് വരെ ബി.എം വർക്ക് നടത്തി ജോലികൾ നിറുത്തിയപ്പോൾ കരാറുകാരനെ ഒഴിവാക്കി ജോലികൾ റീടെണ്ടർ ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് ഈ വർഷം ആദ്യം പേഴുംതുരുത്ത് മുതൽ കമ്മുക്കത്ത് പള്ളി വരെയും പിന്നീട് കൊച്ചുപ്ളാംമൂട് വരെയും ബി.എം ജോലികൾ നടത്തിയ ശേഷം നിറുത്തിവയ്ക്കുകയായിരുന്നു.

ആകെ ദൈർഘ്യം - 17 കിലോമീറ്റർ

കരാർ തുക - 23.9 കോടി

ജോലികൾ ആരംഭിച്ചത് - 2018ൽ

ജോലികൾ ഉടൻ റീടെണ്ടർ ചെയ്യും. തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്തി എത്രയും വേഗം ഗതാഗത യോഗ്യമാക്കും.

ബി. ശ്രീകുമാർ

എക്സി. എൻജിനിയർ

കെ.ആർ.എഫ്.ബി കൊല്ലം