ബർമുഡ ട്രയാംഗിളിലേക്ക് ഒരു വിനോദയാത്ര പോയാലോ; കപ്പൽ കാണാതായാൽ മുഴുവൻ തുകയും തിരികെ അക്കൗണ്ടിലെത്തും

Saturday 28 May 2022 1:05 PM IST

നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ബർമുഡ ട്രയാംഗിളിനെ വിശേഷിപ്പിക്കുന്നത്. അവിടേക്കെത്തിയ കപ്പലുകളും വിമാനങ്ങളും ഇതുവരെയും തിരിച്ചെത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പല കാലത്തും പല പഠനങ്ങളും വന്നിട്ടുണ്ടെങ്കിലും ബർമുഡ ട്രയാംഗിളിന്റെ യഥാർത്ഥ പ്രശ്‌നം എന്താണെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

അതേസമയം,​ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അവിടേക്ക് ഒരു വിനോദയാത്ര സംഘടിപ്പിക്കുകയാണ് നോർവീജിയൻ ക്രൂസ് ലൈൻ കമ്പനി. സാധാരണഗതിയിൽ ബർമുഡ ട്രയാംഗിളിൽ പെട്ട കപ്പലുകളും വിമാനങ്ങളും തിരിച്ചെത്തിയ ചരിത്രമില്ല. അതുപോലെ ഇതും കാണാതായാൽ സഞ്ചാരികൾക്ക് യാത്രാടിക്കറ്റ് മുഴുവൻ മടക്കി നൽകുമെന്ന ഓഫറാണ് കപ്പൽ അധികൃതർ മുന്നോട്ട് വയ്‌ക്കുന്നത്.

രണ്ടു ദിവസത്തേക്കാണ് നോർവീജിയൻ പ്രൈമ എന്ന കപ്പൽ ബർമുഡ ട്രയാംഗിളിലേക്ക് യാത്ര തിരിക്കുന്നത്. 1450 യൂറോ (ഏകദേശം 1.4 ലക്ഷം രൂപ)​യാണ് ചെലവ്. ആ തുകയാണ് കപ്പൽ തിരിച്ചെത്തിയില്ലെങ്കിൽ അതിലെ സഞ്ചാരികൾക്ക് നൽകുന്നത്.

ചരിത്രം പരിശോധിച്ചാൽ ഇതുവരെ 16 വിമാനങ്ങളും 17 കപ്പലുകളും ബർമുഡ ട്രയാംഗിളിൽ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് മനസിലാകും. ഇവയിൽ പകുതി പോലും കണ്ടെത്താനായിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

ബർമൂഡയ്ക്കും ഫ്ളോറിഡയ്ക്കും പോർട്ടോ റിക്കോയ്ക്കും മദ്ധ്യഭാഗത്തായി ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്നയിവിടം ലോകം മുഴുവൻ ഒരുപോലെ പേടിയോടെ കാണുന്നയിടമാണ്. ശാസ്ത്രത്തിന് പോലും ബർമുഡ ട്രയാംഗിളിന്റെ ദുരൂഹത ചുരുളഴിക്കാൻ കഴിഞ്ഞിട്ടില്ല.

Advertisement
Advertisement