ഇന്ന് കൊട്ടിക്കലാശം കളം നിറഞ്ഞ് മുന്നണികൾ

Sunday 29 May 2022 9:05 PM IST

കൊച്ചി: തൃക്കാക്കരയിൽ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ അവസാനറൗണ്ട് കൊഴുപ്പിക്കാൻ മുന്നണികളും ക്രമസമാധാനം കാക്കാൻ പൊലീസും സുസജ്ജം.

റോഡ് ഷോ ഉൾപ്പെടെ നാടിളക്കിയുള്ള പരിപാടികളാണ് അണിയറയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കാലാവസ്ഥ അനുകൂലാമായാൽ കണക്കുകൂട്ടലുകളനുസരിച്ച് കലാശക്കൊട്ട് കൊഴുക്കും. യു.ഡി.എഫും എൻ.ഡി.എയും പാലാരിവട്ടത്ത് കേന്ദ്രീകരിക്കുമ്പോൾ ഇടതുമുന്നണി ലോക്കൽ കമ്മിറ്റി തലത്തിൽ വികേന്ദ്രീകൃത കലാശമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

രാവിലെ 9ന് കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നിന്ന് യു.‌ ഡി.എഫിന്റെ ബൈക്ക് റാലി ആരംഭിക്കും. വൈറ്റില, കടവന്ത്ര, കലൂർ, കത്രിക്കടവ്, സ്റ്റേഡിയം വഴി വൈകിട്ട് 6ന് പാലാരിവട്ടം ജംഗ്ഷനിൽ സാമിപിക്കും. ഇതിന് പുറമെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിലും കൊട്ടിക്കലാശം നടക്കും. എൻ.ഡി.എയുടെ റോഡ് ഷോ രാവിലെ 9ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് പാലച്ചുവട്, കെന്നടിമുക്ക്, പൂണിത്തുറ, ആലിൻ ചുവട്, ചളിക്കവട്ടം, പേട്ട, പത്മ, കടവന്ത്ര, റിലയൻസ് ജംഗ്ഷൻ, തമ്മനം, ഇടപ്പള്ളി മാർക്കറ്റ്, ഇടപ്പള്ളി, മാമംഗലം വഴി 4 ന് പാലാരിവട്ടത്ത് സമാപിക്കും. മൂന്ന് മുന്നണികളുടേയും പ്രമുഖ നേതാക്കൾ കോർണർ യോഗങ്ങളിൽ പ്രസംഗിക്കും. എൻ.ഡി.എ റോഡ് ഷോയുടെ സ്വീകരണകേന്ദ്രങ്ങളിൽ പി.സി. ജോർജ് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വരവ് അനിശ്ചിതത്വത്തിലാണ്.

 കൊട്ടിക്കലാശം

കഴിഞ്ഞാൽ വിട്ടോണം

തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നിയോജക മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്ന പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ലെന്ന് മുഖ്യവരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. എല്ലാവരും മണ്ഡലം വിട്ടുപോയി എന്ന് ഉറപ്പാക്കാൻ പൊലീസ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. രാഷ്ട്രീയ പ്രവർത്തകർ താമസിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. തൃക്കാക്കരയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ മണ്ഡലാതിർത്തികളിൽ പൊലീസ് നിരീക്ഷിക്കും

Advertisement
Advertisement