തൃക്കാക്കരയിൽ 48 മണിക്കൂർ ഡ്രൈഡേ എറണാകുളം മണ്ഡലത്തിന് ബാധകമല്ല

Sunday 29 May 2022 12:33 AM IST

കൊച്ചി: തൃക്കാക്കരയിൽ 31ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് ആറുമുതൽ പോളിംഗ് അവസാനിക്കുന്ന 31ന് വൈകിട്ട് ആറുവരെ 48 മണിക്കൂർ ബാറുകളും മദ്യവില്‌പനശാലകളും അടച്ചിടണമെന്ന എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് എറണാകുളം നിയമസഭാ മണ്ഡലത്തിന് ബാധകമല്ല. എന്നാൽ ജൂൺ മൂന്നിന് വോട്ടെണ്ണൽ നടക്കുന്നത് എറണാകുളം മഹാരാജാസ് കോളേജിലായതിനാൽ അന്ന് എറണാകുളം മണ്ഡലത്തിലെ ബാറുകളും മദ്യവില്പനശാലകളും 24 മണിക്കൂർ പ്രവർത്തിക്കരുത്.

ഉപതിരഞ്ഞെടുപ്പു പ്രമാണിച്ച് തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിലെ ബാറുകളും മദ്യവില്പനശാലകളും ഇന്ന് വൈകിട്ട് ആറുമുതൽ 48 മണിക്കൂർ അടച്ചിടണമെന്ന ഉത്തരവിനെതിരെ നഗരത്തിലെ പോളക്കുളത്ത് റീജൻസി, പി.ജി.എസ് വേദാന്ത, എലൈറ്റ് ടൂറിസ്റ്റ് ഹോം തുടങ്ങിയവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ ഉത്തരവ് നൽകിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുമുതൽ ഡ്രൈഡേ ആചരിക്കണമെന്നും വോട്ടെണ്ണൽ ദിവസം 24 മണിക്കൂർ ഡ്രൈഡേ ആചരിക്കണമെന്നും ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിൽ ബാറുകളും മദ്യശാലകളും അടച്ചിടാൻ എക്സൈസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് തൃക്കാക്കര മണ്ഡലത്തിലാണെന്നും എറണാകുളം മണ്ഡലത്തിലെ ബാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇന്നുമുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന 31 വൈകിട്ട് ആറുവരെ ഡ്രൈഡേ ആചരിക്കണമെന്ന നിബന്ധന എറണാകുളം മണ്ഡലത്തിന് ബാധകമല്ലെന്ന് ഇലക്ഷൻ കമ്മിഷനും വ്യക്തമാക്കി.

Advertisement
Advertisement