കറൻസി നോട്ടിന് പ്രിയമേറുന്നു

Sunday 29 May 2022 3:24 AM IST

കൊച്ചി: ഡിജിറ്റൽ പണമിടപാടുകൾ റെക്കാഡ് തകർത്ത് മുന്നേറുമ്പോഴും രാജ്യത്ത് കറൻസി നോട്ടുകൾക്ക് പ്രിയമേറുന്നതായി റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. 2021-22ൽ പ്രചാരത്തിലുള്ള മൊത്തം കറൻസി നോട്ടുകളുടെ മൂല്യം 9.9 ശതമാനവും എണ്ണം അഞ്ചുശതമാനവും ഉയർന്നു.

അച്ചടി നിറുത്തിയതിനാൽ 2000 രൂപാ നോട്ടിന്റെ മൊത്തം മൂല്യവും എണ്ണവും കുറഞ്ഞു. 2000ന്റെ അച്ചടി നിറുത്തിയിട്ട് നാലുവർഷമാകുന്നു. കഴിഞ്ഞവർഷം മൊത്തം കറൻസി പ്രചാരമൂല്യം 31.05 ലക്ഷം കോടി രൂപയാണ്. എണ്ണം 13.05 ലക്ഷം. 2020-21ൽ എണ്ണം 12.43 ലക്ഷവും മൂല്യം 28.26 ലക്ഷം കോടി രൂപയും ആയിരുന്നു.

₹500,​ ₹2000

മൊത്തം കറൻസി മൂല്യത്തിൽ 87.1 ശതമാനവും 500,​ 2000 രൂപാനോട്ടുകളാണ്. 2020-21ൽ ഇവയുടെ പങ്ക് 85.7 ശതമാനമായിരുന്നു.

 മൊത്തം മൂല്യത്തിൽ 34.9 ശതമാനം വിഹിതവുമായി 500 രൂപാനോട്ടാണ് ഒന്നാമത്.

 രണ്ടാംസ്ഥാനത്ത് 10 രൂപാനോട്ട്; വിഹിതം 21.3 ശതമാനം.

കൊഴിയുന്ന ₹2000

2016ലെ നോട്ട് അസാധുവാക്കലിന് പിന്നാലെ അവതരിപ്പിച്ച 2000 നോട്ട് അതിന്റെ അസ്തമയകാലത്തിലാണ്. 2021-22ൽ 1.6 ശതമാനം വിഹിതവുമായി 21,​420 എണ്ണമാണ് ഉണ്ടായിരുന്നത്. 2019-20ൽ എണ്ണം 27,​398 ആയിരുന്നു.

₹100നോട് ഇഷ്‌ടം

ഇന്ത്യക്കാർക്ക് ഏറെ ഇഷ്‌ടം 100 രൂപാനോട്ടാണ്. 2000നോട് ഒട്ടും പ്രിയമില്ല. നാണയങ്ങളിൽ പ്രിയം 5നോടും ഇഷ്‌ടക്കുറവ് ഒരു രൂപയോടും.

റിസർവ് ബാങ്കിന്റെ

ബാലൻസ് ഷീറ്റ്

₹61.90 ലക്ഷം കോടി

രാജ്യത്തിന്റെ കറൻസി വിനിമയം,​ ധനനയം,​ കരുതൽ ധനനിയന്ത്രണം,​ ബാങ്കിംഗ് മേൽനോട്ടം തുടങ്ങിയ നിർണായക ചുമതലകൾ വഹിക്കുന്ന,​ കേന്ദ്രബാങ്കായ റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് 2021-22ൽ 8.46 ശതമാനം ഉയർന്ന് 61.90 ലക്ഷം കോടി രൂപയായി.

 2021-22ലേക്കായി കേന്ദ്രത്തിന് റിസർവ് ബാങ്ക് കൈമാറിയ സർപ്ളസ് ₹30,​307.45 കോടി രൂപ.

 മുൻവർഷം നൽകിയ സർപ്ളസ് 99,​122 കോടി രൂപയായിരുന്നു.