ഇതാണ് എന്റെ ഭാര്യ, മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല; അമൃത സുരേഷ് - ഗോപി സുന്ദർ വിഷയത്തിൽ പ്രതികരണവുമായി ബാല

Saturday 28 May 2022 7:39 PM IST

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും അടുപ്പത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് അമൃതയുടെ മുൻ ഭർത്താവ് നടൻ ബാല. അത് തന്റെ ജീവിതമല്ലെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ തനിക്ക് അവകാശമില്ലെന്നും ബാല ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. അമൃതയുടയും ഗോപി സുന്ദറിന്റെയും വെളിപ്പെടുത്തലുകളെ തുടർന്ന് നിരവധി പേർ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ആ വിഷയത്തിൽ പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ബാല പറഞ്ഞു. ഇതാണ് തന്റെ ഭാര്യയെന്ന് പറഞ്ഞ് എലിസബത്തിനെ ചേർത്തു പിടിച്ചാണ് ബാല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

ചെയ്യുന്ന തെറ്റിന് ഓരോരുത്തർക്കും ശിക്ഷ കിട്ടും. നല്ലത് ചെയ്‍താൽ നല്ലത് നടക്കും. ചീത്ത ചെയ്‍താൽ ചീത്തയേ കിട്ടൂ. കുറേപ്പേർ എന്നെ വിളിച്ചു. അത് എന്‍റെ ജീവിതമല്ല. ഇതാണ് എന്റെ ഭാര്യ. ഞാൻ പുതിയ ജീവിതത്തിലേക്ക് പോയി നല്ല ഭം​ഗിയായിട്ട് ജീവിക്കുന്നുണ്ട്. ഞങ്ങൾ പുതിയ കാര്യങ്ങളിലേക്ക് പോവുകയാണ്. അവർ അങ്ങനെ പോവുകയാണെങ്കിൽ പോകട്ടെ. അതിൽ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല. അവരും നന്നായിരിക്കട്ടെ. ഞാനും പ്രാർഥിക്കാമെന്ന് ബാല പറഞ്ഞു.

തങ്ങൾ അടുപ്പത്തിലാണെന്ന വിവരം സൂചിപ്പിച്ച് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിരുന്നു. ഇതിനെതുടർന്ന് അമൃതയുടെ സഹോദരി അഭിരാമി അടക്കമുള്ളവർ ഇരുവർക്കും ആശംസകളുമായെത്തിയിരുന്നു. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേക്ക്…" എന്നായിരുന്നു ഇരുവരുടെയും ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ്. ഗോപി സുന്ദറും അമൃതയും ഇതേവരികൾ തന്നെ തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.