മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, അടുത്ത ഏതാനും മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യത

Saturday 28 May 2022 8:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ കേരളത്തിലെ ആറ് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കനത്ത മഴ പെയ്യാൻ സാദ്ധ്യതുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റ‌ർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത മാസം ഒന്നാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാദ്ധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ഈ പ്രദേശങ്ങളിൽ ലഭിച്ചേക്കാം.