ക്ഷീരകർഷകർക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൃഗാശുപത്രി

Sunday 29 May 2022 12:52 AM IST

ചിറ്റൂർ: മരുന്നുകളുമായി രോഗികളുടെ അടുത്തേക്ക് ചികിത്സിക്കാൻ എത്തുകയാണ് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷീരകർഷകർ ആവശ്യപ്പെടുന്നത് അനുസരിച്ച് അവരുടെ വീട്ടുപടിക്കൽ ഡോക്ടറുടെ സേവനവും അടിയന്തര ചികിത്സാസഹായവും മരുന്നുകളും സൗജന്യമായി എത്തിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രി ഇതിനോടകം ഇരുന്നൂറോളം വീടുകളിലെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ള മൃഗങ്ങളുടെ ഉടമസ്ഥർ 8281777123 എന്ന നമ്പറിൽ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഡോക്ടറുടെ സേവനം അതത് വീടുകളിൽ എത്തുന്നത്. വെറ്ററിനറി സർജൻ ഡോ. സി.എ.എം. അഷറഫിന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രവർത്തിക്കുന്നത്.

ചിറ്റൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി അമ്പതിനായിരത്തിലധികം കന്നുകാലികളുണ്ട്. പാൽ ഉത്പാദനം മുഖ്യ ഉപജീവനമാർഗ്ഗമായ ഏഴായിരത്തോളം ക്ഷീര കർഷകരാണ് ഇവിടെയുള്ളത്. രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഡോക്ടറുടെയും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെയും സേവനം വീട്ടുപടിക്കൽ ലഭിക്കുന്നത്. കന്നുകാലികളെ കൂടാതെ അടിയന്തര ചികിത്സ ആവശ്യമുള്ള ആട്, നായ എന്നിവയ്ക്കും ചികിത്സ നൽകുന്നുണ്ട്. അകിടുവീക്കം, പ്രസവസംബന്ധമായ അടിയന്തര ചികിത്സകൾ, പശു എണീക്കാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ഉണ്ടായ പരിക്കുകൾ തുടങ്ങി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടി ആളുകൾ സഞ്ചരിക്കുന്ന മൃഗാശുപത്രിയെ സമീപിക്കുന്നുണ്ടെന്ന് ഡോ. അഷറഫ് പറഞ്ഞു.

 മാർച്ച് 19 നാണ് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി ആരംഭിച്ചത്.

 ആദ്യഘട്ടത്തിൽ 20 ലക്ഷം രൂപയാണ് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്.

 സഞ്ചരിക്കുന്ന മൃഗാശുപത്രിക്കായി വാഹനവും മരുന്നുകളും സഹായ കേന്ദ്രവും ഡോക്ടറുടെ നിയമനവും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയത്.

 ഡോക്ടറുടെ സേവനം വീട്ടുപടിക്കൽ എത്തുന്നതിനാൽ വീടുകളിൽ നിന്ന് രോഗം ബാധിച്ച കന്നുകാലികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയുന്നുണ്ട്.

 ചികിത്സ ലഭിക്കുന്നതിനോടൊപ്പം തന്നെ കർഷകർക്ക് പാൽ കറക്കുന്നതിനും പുല്ലു വെട്ടുന്നതിനും പശുപരിപാലനത്തിനുമുള്ള ദൈനംദിന കാര്യങ്ങൾ സുഗമമായി നടക്കുന്നുണ്ട്. ഇത് കർഷകർക്ക് ഏറെ സഹായകരമാണ്.

വി. മുരുകദാസ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement