കണ്ണങ്കര - അമൃതാസ്കൂൾ പടി റോഡ് കുളംതോണ്ടി, പൈപ്പിട്ട് പണികൊടുത്തു!

Sunday 29 May 2022 12:50 AM IST
കണ്ണങ്കര, അമൃതാ സ്കൂൾ പടി റോഡ് തകർന്ന നിലയിൽ

പത്തനംതിട്ട : കണ്ണങ്കരയിൽ നിന്ന് അമൃതാ സ്കൂൾ പടിയിലേക്കുള്ള റോഡിൽ ഒരു കിലോമീറ്ററോളം തകർന്ന നിലയിൽ. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുഴിക്കുകയായിരുന്നു. രണ്ട് മാസത്തിലേറെയായി തകർന്ന് കിടക്കാൻ തുടങ്ങിയിട്ട്. പൈപ്പുലൈൻ പണി പൂർത്തിയായാൽ മാത്രമേ റോഡ് പണി ആരംഭിക്കാൻ കഴിയു എന്നാണ് അധികൃതർ പറയുന്നത്. ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയതിനാൽ റോഡിൽ നിറയെ ചെളിയും മണ്ണും നിറഞ്ഞിരിക്കുകയാണ്. ചെളിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. പത്തനംതിട്ട നഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിലാണ് റോഡ്. റിംഗ് റോഡിൽ നിന്ന് വാട്ടർ അതോറിട്ടിയിലേക്കുള്ള റോഡിലൂടെ അമ‌ൃതാ സ്കൂളിലേക്ക് പോകാനുള്ള മാർഗമാണിത്. അബാൻ ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാൻ നിരവധി പേർ ഈ റോഡിനെ ആശ്രയിക്കുന്നു. സ്കൂൾ തുറക്കാനിരിക്കെ റോഡ് നന്നാക്കാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമേറെയാണ്. ചുട്ടിപ്പാറ കോളേജിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. വിദ്യാർത്ഥികൾക്ക് റോഡ് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്.

" വാട്ടർ അതോറിട്ടിയുടെ പൈപ്പ് ഇടൽ ജോലി പൂർത്തിയായാൽ മാത്രമേ റോഡ് നന്നാക്കാൻ കഴിയു എന്നാണ് അധികൃതരുടെ വിശദീകരണം. നിരവധി തവണ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഷീന രാജേഷ്

(വാർഡ് മെമ്പർ)

Advertisement
Advertisement