സ്ഫോടക വസ്തുക്കൾ,​ വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് കൊല്ലരുത്,​ കാട്ടുപന്നിയെ കൊല്ലാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ

Saturday 28 May 2022 10:12 PM IST

തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാനുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. വിഷം,​ സ്പോടക വസ്തുക്കൾ,​ വൈദ്യുതാഘാതം എന്നീ മാർഗങ്ങളിലൂടെ കാട്ടുപന്നിയെ കൊല്ലാൻ പാടില്ലെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപന മേധാവികൾക്കാണ് ഇതിനുള്ള അനുമതി. ഇവരെ ഹോണററി വൈൽഡ് ലൈഫ് വാർഡനായും ഈ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യേഗസ്ഥരായും നിയമിക്കും.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിലാണ് നടപടിയെടുക്കേണ്ടത്. പൊതുജനങ്ങളുടെ അപേക്ഷയിൽ ഹോണററി വൈൽഡ് ലൈഫ് വാർഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് നൽകാം. കൊല്ലുന്നതിനിടെ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ജഡം ശാസ്ട്രീയമായി സംരക്ഷിക്കണം എന്നും ഉത്തരവിൽ പറയുന്നു.