തിരുവല്ല നഗരസഭാദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും രാജി നൽകി

Sunday 29 May 2022 12:23 AM IST

തിരുവല്ല : യു.ഡി.എഫിലെ മുൻധാരണപ്രകാരം നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ് എന്നിവർ രാജിവച്ചു. മുൻസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ മുമ്പാകെ ഇന്നലെ വൈകിട്ട് ഇരുവരും രാജിക്കത്ത് നൽകി. നഗരസഭയിൽ 18മാസത്തെ ഭരണം ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടത്തുവാനും തുടക്കംകുറിക്കാനും സാധിച്ചതായി രാജിവച്ച നഗരസഭാദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ നഗരസഭ സമ്പൂർണ്ണ വാക്‌സിൽ നൽകുവാൻ സാധിച്ചു. 289പേർക്ക് ഭവനം പൂർത്തീകരിച്ച് തുക നൽകി. 477 പേർക്ക് ഭാഗികമായും തുകനൽകി. ഇനിയും സർക്കാരിൽ നിന്ന് 8.63 കോടി കിട്ടാനുണ്ട്. നഗരശുചീകരണ പദ്ധതിയിൽ നഗരസഭ മുൻപിലാണ്. 39 വാർഡിലും ഉറവിട മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കി ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണം നല്ലരീതിയിൽ നടന്നുവരുന്നു. പണ്ട് വഴിയിൽ മാലിന്യം കിടക്കുന്ന സാഹചര്യം മാറി, ഒരിടത്തും മാലിന്യം ഇല്ലാത്ത രീതിയിൽ നഗരസഭയെ മാറ്റിയത് ഭരണസമിതിയുടെ നേട്ടമാണ്. തെളിനീർ ഒഴുകും നവകേരളത്തിന്റെ ഭാഗമായി ജലാശയങ്ങൾ ശുചീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 39 വാർഡിലേയും ശുചീകരണം ഭംഗിയായി നടന്നുവരുന്നു.പകർച്ചവ്യാധിയും കൊവിഡ് വ്യാപനവും നിയന്ത്രിക്കാൻ സാധിച്ചു. ഷീ ലോഡ്ജിന്റെ കെട്ടിടം പൂർത്തീകരിച്ചു. ഇനിയും അടിസ്ഥാന സൗകര്യങ്ങളൊരുക്കി തുറന്നുനൽകണം. ശബരിമല ഇടത്താവളത്തിന്റെ നിർമ്മാണം തുടങ്ങുവാൻ സാധിച്ചു. ഇതിനായി 70ലക്ഷം രൂപ വകയിരുത്തി. തിരുമൂലപുരത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കി. നഗരകുടുംബാരോഗ്യ കേന്ദ്രത്തിന് 3 അവാർഡുകൾ കിട്ടി. ഇതിനായി അടിസ്ഥാന സൗകര്യമൊരുക്കി നൽകി. ഫിഷറീസ് മേഖലയ്ക്ക് ഏറ്റവുമധികം തുക ചെലവഴിച്ചതിന് ഡിപ്പാർട്ടുമെന്റിന്റെ ജില്ലാതല അവാർഡ് നഗരസഭയ്ക്ക് ലഭിച്ചു. കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈനാക്കി. വഴിയോര കച്ചവടക്കാരുടെ സർവേ പൂർത്തീകരിച്ച് 222 പേരെ കണ്ടെത്തി അതിൽ 199 പേർക്ക് ഐഡി കാർഡ് വിതരണംചെയ്തു. രാമപുരം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് എല്ലാ നടപടികളും പൂർത്തിയായി. നഗരസഭ ഓഫീസ് കോംപ്ലക്‌സ് നിർമ്മാണത്തിനുള്ള നടപടി തുടങ്ങിയതായും ബിന്ദു ജയകുമാർ പറഞ്ഞു. യു.ഡി.എഫിലെ മറ്റു കൗൺസിലർമാരും പങ്കെടുത്തു.

നഗരസഭാദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും രാജിവച്ചതോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് മേലുള്ള ചർച്ച അപ്രസക്തമായി.

Advertisement
Advertisement