ഗായകൻ ഇടവ ബഷീർ അന്തരിച്ചു, അന്ത്യം ഗാനമേളയിൽ പാടുന്നതിനിടെ കുഴഞ്ഞുവീണ്

Saturday 28 May 2022 10:29 PM IST

ആലപ്പുഴ∙: ഗാനമേളകളെ ജനകീയമാക്കിയ ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ഗാനമേളയിൽ പാടുന്നതിനിടെ കുഴഞ്ഞുവീണ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് ബഷീർ കുഴഞ്ഞുവീണത്. .

പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബഷീറിനെ എത്തിച്ചെങ്കിലും അല്പ സമയത്തിന് ശേഷം മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ നിന്ന് 1972ൽ ഗാനഭൂഷണം പാസായി. ‌

1978ൽ ‘രഘുവംശം’ എന്ന സിനിമയിൽ എ.ടി..ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്. ജാനകിയോടൊപ്പം പാടിയ വീണവായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. കെ.ജെ. ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം സൂപ്പർ ഹിറ്റായി. തുടർന്നും സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു.അഞ്ച് പതിറ്റാണ്ടു മുൻപു ഗാനമേളയ്‌ക്കായി കൊല്ലം സംഗീതാലയയ്‌ക്കു രൂപം നൽകി.

Advertisement
Advertisement