20.18 കോടിയുടെ ഹെറോയിനുമായി ടാർസാനിയൻ സ്വദേശി പിടിയിൽ

Saturday 28 May 2022 11:15 PM IST

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20.18 കോടി രൂപ വില വരുന്ന 2884 ഗ്രാം ഹെറോയിനുമായി ടാർസാനിയൻ സ്വദേശി മുഹമ്മദ് അലി ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് ദുബായ് വഴി ഇന്നലെ പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ഇയാളുടെ ട്രോളി ബാഗിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മയക്കുമരുന്ന് കൊച്ചിയിൽ വിപണനത്തിനായി എത്തിച്ചതാണോ, മറ്റെവിടേക്കെങ്കിലും കടത്താൻ കൊണ്ടുവന്നതാണോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ ദ്വിഭാഷിയുടെ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.