ചക്കയും മാങ്ങയും കാട്ടിൽത്തരാം, നാട്ടിലേക്ക് വരല്ലേ ഗജരാജാ...

Sunday 29 May 2022 12:15 AM IST

തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന വന്യജീവികളാൽ മനുഷ്യജീവനും കാർഷികോത്പന്നങ്ങളും നഷ്ടപ്പെടുന്നത് പതിവായതോടെ അവയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളയുന്ന മരങ്ങൾ കാട്ടിൽത്തന്നെ വച്ചുപിടിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്വാഭാവിക വനങ്ങൾ നശിപ്പിക്കുകയും കോടികൾ ചെലവഴിച്ച് തേക്ക്, യൂക്കാലി, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയവ വച്ചുപിടിപ്പിക്കുകയും ചെയ്തത് അബദ്ധമായെന്ന തിരിച്ചറിഞ്ഞതോടെയാണിത്.

28641.64 ഹെക്ടർ പ്രദേശത്തെ സ്വാഭാവിക വനം വെട്ടിത്തെളിച്ചാണ് ഇത്തരം മരങ്ങൾ വച്ചുപിടിപ്പിച്ചത്. ഇവയിൽ വളർച്ചയെത്തിയവ ഘട്ടംഘട്ടമായി മുറിച്ചുമാറ്റും. മുറിച്ചുമാറ്റുന്നതിൽ 62 ശതമാനവും തേക്കാണ്. ആ സ്ഥലത്തെല്ലാം

പ്ളാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങൾ വളർത്താനാണ് വനംവകുപ്പിന്റെ പദ്ധതി.

'വൃക്ഷസമൃദ്ധി' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലെ 758 സ്ഥലങ്ങളിൽ നഴ്സറികൾ സ്ഥാപിച്ച് 43 ലക്ഷത്തോളം ഫലവൃക്ഷത്തൈകൾ തയ്യാറാക്കും. വേനൽക്കാലത്ത് കാട്ടിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാൻ തടയണകളും ചെക്ക് ഡാമുകളും നിർമ്മിക്കും. ആവാസ വ്യവസ്ഥയുടെ പോഷണം, ജൈവ സമ്പത്തിന്റെ സംരക്ഷണം, ജലസംരക്ഷണം, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കൽ, ആവാസ വ്യവസ്ഥയ്ക്ക് യോജിക്കാത്ത വിദേശയിനം വൃക്ഷങ്ങളെ നീക്കം ചെയ്യൽ എന്നിവ ലക്ഷ്യംവച്ചു നടപ്പാക്കുന്ന കർമ്മ പദ്ധതിയിലാണ് ഇതും ഉൾപ്പെടുത്തിയത്. 640 കോടി രൂപയുടെ ഈ പദ്ധതിയിൽ നിന്നാണ് കോടികൾ ചെലവഴിച്ച് ഫലവൃക്ഷങ്ങളും നട്ടുവളർത്തുന്നത്.

 പ്രധാന പദ്ധതി പ്രദേശം

പറമ്പിക്കുളം, വയനാട്, പെരിയാർ, കുറിഞ്ഞിമല, പാമ്പാടുംചോല, ആനമുടിചോല


വന്യജീവി ആക്രമണം

 66 പേർ- ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത്

 998 പേർ- 10 വർഷത്തിനിടെ കൊല്ലപ്പെട്ടത്

 3,585 പേർ- രണ്ടു കൊല്ലത്തിനിടെ ഗുരുതരമായി പരിക്കേറ്റവർ

 39,000- രണ്ടു വർഷത്തിനിടെകൃഷിനാശം നേരിട്ടവർ

 200- വന്യജീവി ഭീഷണി നേരിടുന്ന പഞ്ചായത്തുകൾ

 30 ലക്ഷം ജനങ്ങൾ- വന്യജീവികളുടെ ആക്രമണ ഭീഷണിയിൽ കഴിയുന്നവർ

 മുഖ്യഭീഷണി

ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ്

Advertisement
Advertisement