ആയിരം റേഷൻ കടകൾ കെ സ്റ്റോറുകളാക്കും: ജി.ആർ. അനിൽ

Sunday 29 May 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആയിരം റേഷൻ കടകൾ കെ സ്റ്റോറുകളാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മേയ് 28 സിവിൽ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ട റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റ്,മിൽമ ബൂത്ത്,സേവന കേന്ദ്രം,മിനി എ.ടി.എം എന്നിവയുൾപ്പെടുത്തി കെ സ്റ്റോറുകൾക്ക് രൂപം നൽകും. വജ്ര ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് മന്ത്രിയും പുതിയ ലോഗോ സാഹിത്യകാരൻ പ്രഭാവർമയും പ്രകാശനം ചെയ്‌തു. വജ്ര ജൂബിലി ഔദ്യോഗിക ഗാനത്തിന്റെ റിലീസ് സംഗീത സംവിധായകൻ ജാസി ഗിഫ്‌റ്റും വകുപ്പിലെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് പ്രഖ്യാപനം സിനിമാ താരം നന്ദുവും നിർവഹിച്ചു. സിവിൽ സപ്ലൈസ് ദിന വീഡിയോ റിലീസും വനിതകൾക്കായുള്ള വീഡിയോ മത്സര പ്രഖ്യാപനവും സംഗീത സംവിധായകൻ റോണി റാഫേൽ നിർവഹിച്ചു. സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫീസ് -ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസ്, മികച്ച സപ്ലൈ ഓഫീസർ - എം.എസ്. ബീന(ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ), മികച്ച താലൂക്ക് സപ്ലൈ ഓഫീസ് - മല്ലപ്പള്ളി, മികച്ച താലൂക്ക് സപ്ലൈ ഓഫീസർ സാഹിർ.ടി(നോർത്ത് പറവൂർ), മികച്ച റേഷനിംഗ് ഇൻസ്‌പെക്‌ടർ - സതീഷ്.എസ് (പെരിന്തൽമണ്ണ).

50 വർഷത്തിലധികമായി റേഷൻ ഡിപ്പോ ലൈസൻസികളിയായി പ്രവർത്തിക്കുന്നവർക്കും അവാർഡുകൾ നൽകും.